തകരാതെ നിന്നത് 23 വർഷങ്ങൾ; ഒടുവിൽ ബൈസിക്കിൾ കിക്കിലൂടെ റെക്കോർഡ് വലയിൽ

ഖത്തറിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചത് മുന്നേറ്റ താരമായ അൽമോസ് അലിയുടെ മികവായിരുന്നു. ഫൈനലിലടക്കം ടൂർണമെന്റിൽ ഒൻപത് ​ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്
തകരാതെ നിന്നത് 23 വർഷങ്ങൾ; ഒടുവിൽ ബൈസിക്കിൾ കിക്കിലൂടെ റെക്കോർഡ് വലയിൽ

അബുദാബി: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീടം ചരിത്രത്തിലാദ്യമായി ഖത്തർ സ്വന്തമാക്കിയത് ശ്രദ്ധേയമായിരുന്നു. ടൂർണമെന്റിലുടനീളം ഉജ്ജ്വല മുന്നേറ്റം നടത്തിയ അവർ ഫൈനലിൽ കരുത്തരും ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കുകയും ചെയ്ത ജപ്പാനെ 3-1ന് തകർത്തായിരുന്നു ഖത്തറിന്റെ കന്നിക്കിരീട നേട്ടം. 

ഖത്തറിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചത് മുന്നേറ്റ താരമായ അൽമോസ് അലിയുടെ മികവായിരുന്നു. ഫൈനലിലടക്കം ടൂർണമെന്റിൽ ഒൻപത് ​ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്. ഒൻപത് ​ഗോളോടെ 23 വർഷം പഴക്കമുള്ള ഒരു റെക്കോർഡും അൽമോസ് സ്വന്തമാക്കി. ഒരു ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോർഡാണ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ സ്വന്തമാക്കിയിരിക്കുന്നത്. 

1996ല്‍ എട്ട് ഗോളുകള്‍ അടിച്ചുകൂട്ടിയ ഇറാന്റെ അലി ദെയ്‌യുടെ റെക്കോർഡാണ് അല്‍മോസ് അലി മറികടന്നത്. ഫൈനലിന് ഇറങ്ങുമ്പോള്‍ എട്ട് ഗോളുകളുമായി അലി ദെയ്‌യുടെ 1996ലെ റെക്കോര്‍ഡിനൊപ്പമായിരുന്നു അല്‍മോസ്.

ഒരു ബൈസിക്കിള്‍ കിക്കിലൂടെയായിരുന്നു അല്‍മോസ് റെക്കോർഡ് സ്വന്തം പേരിലേക്ക് മാറ്റിയത്. ഫൈനലിന്റെ 12ാം മിനുട്ടില്‍ അഫീഫിന്റെ പാസ് സ്വീകരിക്കുമ്പോള്‍ ഗോള്‍ പോസ്റ്റ് അല്‍മോസ് അലിയുടെ പിന്നിലായിരുന്നു. രണ്ട് മനോഹര ടച്ചുകള്‍ക്ക് ശേഷം ഒരു ബൈസിക്കിള്‍ കിക്കിലൂടെ അല്‍മോസ് പന്ത് ജപ്പാന്‍ വലയില്‍ എത്തിച്ചു. ഖത്തര്‍ ലീഗിലെ അല്‍ ദുഹൈലിനായി കളിക്കുന്ന അല്‍മോസിന്റെ ഖത്തര്‍ ജേഴ്‌സിയിലെ 19ാം ഗോൾ കൂടിയായിരുന്നു ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com