ഭാവനാശൂന്യമായ ഷോട്ടുകൾക്കു പിന്നാലെ പോകേണ്ട; വെല്ലിങ്ടനിലും ബോൾട്ട് നോട്ടപ്പുള്ളിയാണ്; ഇന്ത്യ- ന്യൂസിലൻഡ് അഞ്ചാം പോര് ഇന്ന്

നാലാം ഏകദിനത്തിൽ പിണഞ്ഞ വമ്പൻ തോൽവിയുടെ അങ്കലാപ്പിലാണ് ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെതിരായ അവസാന ഏകദിന പോരാട്ടത്തിന് ഇറങ്ങുന്നത്
ഭാവനാശൂന്യമായ ഷോട്ടുകൾക്കു പിന്നാലെ പോകേണ്ട; വെല്ലിങ്ടനിലും ബോൾട്ട് നോട്ടപ്പുള്ളിയാണ്; ഇന്ത്യ- ന്യൂസിലൻഡ് അഞ്ചാം പോര് ഇന്ന്

വെല്ലിങ്ടൻ: നാലാം ഏകദിനത്തിൽ പിണഞ്ഞ വമ്പൻ തോൽവിയുടെ അങ്കലാപ്പിലാണ് ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെതിരായ അവസാന ഏകദിന പോരാട്ടത്തിന് ഇറങ്ങുന്നത്. ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ചു പരമ്പര സ്വന്തമാക്കിയതിന്റെ ആശ്വാസം ഇന്ത്യക്കുണ്ട്. കാലിലെ പേശിക്കേറ്റ പരുക്കു സുഖപ്പെട്ടതിനാൽ എംഎസ് ധോണി ടീമിലേക്കു മടങ്ങിയെത്തും. 

ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലിയും ധോണിയും പകരം വയ്ക്കാനില്ലാത്തവരാണെന്ന് നാലാം ഏകദിനം കാട്ടിത്തന്നു. ഇരുവരും വിട്ടുനിന്ന ഹാമിൽട്ടൻ ഏകദിനത്തിൽ 92 റൺസിന് ഓൾ ഔട്ടായതിന്റെ ക്ഷീണം മികച്ച പ്രകടനത്തോടെ തീർക്കാൻ കണക്കുകൂട്ടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. 

ധോണിയുടെ തിരിച്ചുവരവോടെ ഇന്ത്യൻ ബാറ്റിങ് നിരയ്ക്കു കൂടുതൽ കരുത്തു കൈവരും. അതേസമയം ഹാമിൽട്ടൻ ഏകദിനത്തിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യയുടെ നടുവൊടിച്ച ട്രെന്റ് ബോൾട്ട് തന്നെയാകും വെല്ലിങ്ടനിലും ഇന്ത്യയുടെ നോട്ടപ്പുള്ളി. പന്തിൽ ഉജ്ജ്വല സ്വിങ് കണ്ടെത്തുന്ന ബോൾട്ടിന് വെല്ലിങ്ടനിലും വിക്കറ്റിന്റെ പിന്തുണയുണ്ടാകുമെന്നാണു വിലയിരുത്തൽ. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാതെ ബാറ്റ്സ്മാൻമാർ ഭാവനാശൂന്യമായ ഷോട്ടുകൾക്കു പിന്നാലെ പോയാൽ ഇക്കുറിയും ഇന്ത്യൻ ഇന്നിങ്സിന്റെ ദൈർഘ്യം കുറയും.

ധോണി മടങ്ങിയെത്തുന്നതോടെ യുവതാരം ശുഭ്മാൻ ഗിൽ ടീമിനു പുറത്താകാൻ സാധ്യതയുണ്ട്. പേസർമാരായ മുഹമ്മദ് സിറാജ്, ഖലീൽ അഹ്മ്മദ് എന്നിവർ നിരാശപ്പെടുത്തിയ സാഹചര്യത്തിൽ ബൗളിങ് വിഭാഗത്തിനു മൂർച്ച കൂട്ടാൻ മുഹമ്മദ് ഷമിയെയും ഇന്ത്യ കളിപ്പിച്ചേക്കും.

വെടിക്കെട്ട് ബാറ്റ്സ്മാൻ മാർട്ടിൻ ​ഗുപ്റ്റിലിനു പരിശീലനത്തിനിടെ പരുക്കേറ്റതു മാത്രമാണു കീവീസിനു തലവേദന. ഗുപ്റ്റിൽ‌ ഇന്നു കളിച്ചേക്കില്ല. 
നാലാം ഏകദിനത്തിൽ കിവീസ് പുറത്തിരുത്തിയ കോളിൻ മൺറോ ഗുപ്റ്റിലിന് പകരക്കാരനായി ടീമിലെത്തിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com