വെല്ലിങ്ടണില്‍ ഇന്ത്യയ്ക്ക് 35 റണ്‍സ് ജയം, പരമ്പര 4-1ന് ഇങ്ങെടുത്തു

253 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കീവീസ് 44.1 ഓവറില്‍ 217 റണ്‍സിന് ഓള്‍ ഔട്ടായി
വെല്ലിങ്ടണില്‍ ഇന്ത്യയ്ക്ക് 35 റണ്‍സ് ജയം, പരമ്പര 4-1ന് ഇങ്ങെടുത്തു

നാല് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സ് എന്ന നിലയില്‍ കളി തുടങ്ങിയ ഇന്ത്യ വില്ലിങ്ടണില്‍ ന്യൂസിലാന്‍ഡിനെ 36 റണ്‍സിന് തോല്‍പ്പിച്ചു. അഞ്ച് കൊല്ലം മുന്‍പ് നാല് കളി തോറ്റ് നാണംകെട്ട് പോന്നിടത്ത് ഇന്ന് 4-1 ന് ജയം പിടിച്ചാണ് ഇന്ത്യയുടെ തിരിച്ചടി. 253 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കീവീസ് 44.1 ഓവറില്‍ 217 റണ്‍സിന് ഓള്‍ ഔട്ടായി. 

രണ്ട് വീതം വിക്കറ്റ് വീഴ്ത്തി ഷമിയും പാണ്ഡ്യയും, മൂന്ന് വിക്കറ്റ് വീഴ്ത്തി ചഹലും, ഓരോ വിക്കറ്റ് വീഴ്ത്തി ഭുവിയും ജാദവും ചേര്‍ന്നാണ് കീവീസിനെ ലക്ഷ്യം കാണാന്‍ അനുവദിക്കാതെ വീഴ്ത്തിയത്. കീവീസ് ഇന്നിങ്‌സില്‍ വില്യംസനും ടോം ലാതമും ചേര്‍ന്ന് തീര്‍ത്ത 67 റണ്‍സിന്റെ കൂട്ടുകെട്ട് മാറ്റി നിര്‍ത്തിയാല്‍ കളി പിടിക്കാന്‍ ആതിഥേയര്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരവസരവും നല്‍കിയില്ല. 

10 ഓവറില്‍ 38 റണ്‍സ് എടുക്കുന്നതിന് ഇടയില്‍ ന്യൂസിലാന്‍ഡിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. നികോളാസിനെ മൂന്നാമത്തെ ഓവറില്‍ തന്നെ കൂടാരം കയറ്റിയ ഷമി   ഒന്‍പതാമത്തെ ഓവറില്‍ ഓപ്പണര്‍ മണ്‍റോയേയും മടക്കി. തൊട്ടടുത്ത ഓവറില്‍ ഒരു റണ്‍ മാത്രം എടുത്ത് നിന്ന ടെയ്‌ലറെ ഹര്‍ദിക്കും മടക്കിയതോടെ ന്യൂസിലാന്‍ഡ് പ്രതിരോധത്തിലായി. 

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് എന്ന നിലയില്‍ നിന്ന ന്യൂസിലാന്‍ഡിനെ ലാതമും കെയിന്‍ വില്യംസനും ചേര്‍ന്ന് നൂറ് കടത്തി. 67 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 25ാമത്തെ ഓവറില്‍ വില്യംസനെ ജാദവ് മടക്കി. തൊട്ടുപിന്നാലെ ലാതമിനെ ചഹലും മടക്ി ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 

നീഷാമായിരുന്നു പിന്നെ ഇന്ത്യയ്ക്ക് തലവേദനയായി നിന്നിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ ബോര്‍ഡ് 176 റണ്‍സില്‍ നില്‍ക്കെ നീഷാമിനെ ധോനി റണ്‍ഔട്ടാക്കി കീവീസിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. പതിയെ തുടങ്ങുന്നതായിരുന്നു കീവീസ് ഇന്നിങ്‌സ്. പതിനഞ്ച് ഓവറിന് അടുത്തെത്തിയപ്പോള്‍ മാത്രമാണ് അവര്‍ക്ക് സ്‌കോര്‍ ബോര്‍ഡ് 50 കടത്തുവാനായത്. എന്നാല്‍ പതിയെ പാണ്ഡ്യ ഉള്‍പ്പെടെയുള്ള ബൗളര്‍മാരില്‍ നിന്നും അവര്‍ റണ്‍സ് കണ്ടെത്തി. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തില്‍ നേരിട്ട തകര്‍ച്ചയില്‍ നിന്നും റായിഡുവിന്റെ മികവില്‍ കരകയറിയിരുന്നു. 90 റണ്‍സ് എടുത്ത് റായിഡു പുറത്തായതിന് പിന്നാലെ പാണ്ഡ്യ വെടിക്കെട്ട് നടത്തി ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com