സ്മിത്തിന് ലോക കപ്പും നഷ്ടമായേക്കും; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്ലാന്‍ ആഷസ് കളിപ്പിക്കാന്‍

ലോക കപ്പിന്റെ സമയത്ത് സ്മിത്തിനെ കൊണ്ട് ഓസ്‌ട്രേലിയ എയ്ക്ക് വേണ്ടി കളിപ്പിച്ചേക്കും
സ്മിത്തിന് ലോക കപ്പും നഷ്ടമായേക്കും; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്ലാന്‍ ആഷസ് കളിപ്പിക്കാന്‍

വിലക്കിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ടീമിലേക്ക് മടങ്ങി എത്തുവാനുള്ള സ്റ്റീവ് സ്മിത്തിന്റെ കാത്തിരിപ്പിന് വീണ്ടും തിരിച്ചടി. ലോക കപ്പും സ്മിത്തിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കളിക്കവെ വീണ്ടും വില്ലനായെത്തിയ പരിക്കിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രീയയാണ് സ്മിത്തിനും ഓസീസിനും തിരിച്ചടിയാവുന്നത്. 

വിക്ടോറിയന്‍സിന് വേണ്ടിയാണ് സ്മിത്ത് ബിപിഎല്ലില്‍ കളിച്ചിരുന്നത്. അവിടെ വെച്ച് കൈമുട്ടിനേറ്റിരുന്ന പഴയ പരിക്ക് വില്ലനായി എത്തി. നാട്ടിലേക്ക് മടങ്ങിയ സ്മിത്ത് കഴിഞ്ഞ മാസം ശസ്ത്രക്രീയയ്ക്കും വിധേയമായി. ആറ് ആഴ്ചത്തെ വിശ്രമത്തിന് ശേഷം മാത്രമാകും സ്മിത്തിന് പരിശീലനം തുടങ്ങുവാന്‍ സാധിക്കുകയുള്ളു എന്ന് നേരത്തെ വ്യക്തമായിരുന്നു. 

എന്നാലിപ്പോള്‍ ലോക കപ്പും താരത്തിന് നഷ്ടമാകും എന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 28ന് സ്മിത്തിന് പന്ത് ചുരണ്ടലില്‍ നേരിട്ട വിലക്കിന്റെ കാലാവധി അവസാനിക്കും. മാര്‍ച്ചില്‍ പാകിസ്താനെതിരെ നടക്കുന്ന ഏകദിന പരമ്പരയോടെ സ്മിത്ത് തിരിച്ചു വരും എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇതിന് പിന്നാലെ ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടിയും ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ലോക കപ്പ് കളിക്കുമെന്നുമായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ പ്രതീക്ഷ. 

എന്നാല്‍ ലോക കപ്പിലേക്ക് എത്തും വിധം സ്മിത്തിന്റെ തിരിച്ചു വരവ് പരിഗണിക്കാതെ, ആഷസ് പരമ്പര മുന്നില്‍ വെച്ച് സ്മിത്തിനെ തിരികെ കൊണ്ടുവരുവാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നീക്കം. ലോക കപ്പിന്റെ സമയത്ത് സ്മിത്തിനെ കൊണ്ട് ഓസ്‌ട്രേലിയ എയ്ക്ക് വേണ്ടി കളിപ്പിച്ചേക്കും. ജൂലൈ 14നാണ് ലോക കപ്പ് ഫൈനല്‍. ആഷസ് പരമ്പര തുടങ്ങുന്നത് ആഗസ്റ്റ് ഒന്നിനും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com