വെല്ലിംഗ്ടണ്‍ ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി ; കീവീസിന്റെ വിജയം 80 റണ്‍സിന്

220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ 139 റണ്‍സിന് എല്ലാവരും പുറത്തായി
വെല്ലിംഗ്ടണ്‍ ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി ; കീവീസിന്റെ വിജയം 80 റണ്‍സിന്


വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. 80 റണ്‍സിനാണ് കീവീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ 139 റണ്‍സിന് എല്ലാവരും പുറത്തായി. 39 റണ്‍സെടുത്ത ധോണിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മൂന്നു വിക്കറ്റെടുത്ത ടിം സൗത്തിയാണ് ഇന്ത്യയെ തകര്‍ത്തത്. 

ഒരു റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ പുറത്താക്കി സൗത്തിയാണ് ഇന്ത്യന്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ഇന്ത്യന്‍ സ്‌കോര്‍ 18 ല്‍ നില്‍ക്കെയായിരുന്നു രോഹിത് പുറത്താകുന്നത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധവാനും വിജയ് ശങ്കറും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. 51 റണ്‍സില്‍ ധവാനെ പുറത്താക്കി ഫെര്‍ഗൂസന്‍ കൂട്ടുകെട്ട് പൊളിച്ചു. ധവാന്‍ 29 റണ്‍സെടുത്തു. 

51 ന് രണ്ടില്‍ നിന്നും 77 ന് ആറ് എന്ന നിലയിലേക്ക് ഇന്ത്യന്‍ നിര തകര്‍ന്നു. ഇതിനിടെ ഒറ്റയ്ക്ക് നിന്ന് പൊരുതിയ ധോണിക്ക് 20 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യ മാത്രമാണ് അല്‍പ്പമെങ്കിലും പിന്തുണ നല്‍കിയുള്ളൂ. റിഷഭ് പന്ത് നാലും, ദിനേശ് കാര്‍ത്തിക് അഞ്ചും, ഹാര്‍ദിക് പാണ്ഡ്യ നാലും റണ്‍സിന് പുറത്തായി.


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219ലെത്തി. അര്‍ധ സെഞ്ചുറി നേടിയ ടിം സെയ്‌ഫെര്‍ട്ടിന്റെ ഇന്നിങ്‌സാണ് ന്യൂസീലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. 43 പന്തില്‍ നിന്ന് ആറു സിക്‌സും ഏഴ് ബൗണ്ടറികളുമടക്കം 84 റണ്‍സെടുത്ത സെയ്‌ഫെര്‍ട്ടും 20 പന്തില്‍ നിന്ന് രണ്ടു സിക്‌സും രണ്ട് ബൗണ്ടറികളും സഹിതം 34 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് കീവീസിന് സമ്മാനിച്ചത്. 

ഓപ്പണിങ് വിക്കറ്റില്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ക്രുനാല്‍ പാണ്ഡ്യയാണ് മണ്‍റോയെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചത്. 22 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മികച്ച സംഭാവന നല്‍കി. ഡാരില്‍ മിച്ചല്‍ (8), റോസ് ടെയ്‌ലര്‍ (23), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (3) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മിച്ചല്‍ സാന്റ്‌നര്‍ (7), സ്‌കോട്ട് കുഗ്ഗെലെജിന്‍ (20) എന്നിവര്‍ പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, യൂസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com