ഹര്‍മന്‍പ്രീതിന് ടീമിനെ ലോക കപ്പിന് ഒരുക്കണം, മിതാലി രാജ് ട്വന്റി20യില്‍ നിന്നും വിരമിക്കുന്നു

ന്യൂസിലാന്‍ഡിനെതിരായി ഇന്ന് ആരംഭിച്ച ട്വന്റി20 പരമ്പരയിലെ ആദ്യ മതത്സരത്തില്‍ മിതാലി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ല
ഹര്‍മന്‍പ്രീതിന് ടീമിനെ ലോക കപ്പിന് ഒരുക്കണം, മിതാലി രാജ് ട്വന്റി20യില്‍ നിന്നും വിരമിക്കുന്നു

ട്വന്റി20യില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 പരമ്പരയോടെ മിതാലി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏകദിനത്തില്‍ തുടര്‍ന്ന് കളിക്കും. 

ന്യൂസിലാന്‍ഡിനെതിരായി ഇന്ന് ആരംഭിച്ച ട്വന്റി20 പരമ്പരയിലെ ആദ്യ മതത്സരത്തില്‍ മിതാലി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടില്ല.  ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കപ്പുറം മിതാലി ട്വന്റി20 കളിക്കില്ലെന്ന് ഉറപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. 2020 ലോക കപ്പ് ട്വന്റി20 മുന്നില്‍ കണ്ട് ടീമിനെ തയ്യാറാക്കാന്‍ ഹര്‍മന്‍പ്രീത് കൗര്‍ ശ്രമിക്കുന്നത് മിതാലി രാജിനറിയാം. ഇതിനാല്‍ മിതാലി ട്വന്റി20യില്‍ നിന്നും മാറിയേക്കുമെന്ന് ഉന്നത ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ എല്ലാ മത്സരവും മിതാലി കളിക്കുമോയെന്ന് വ്യക്തമല്ല. ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ പരമ്പരയിലെ ആദ്യ മത്സരം കളിച്ച് വിരമിച്ചത് പോലെ മിതാലിയും ചെയ്‌തേക്കാന്‍ സാധ്യതയുണ്ടെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. കുറഞ്ഞ സ്‌ട്രൈക്ക് റേറ്റും, ഫീല്‍ഡിങ്ങിലെ പോരായ്മയുമാണ് മിതാലിക്ക് ട്വന്റി20യില്‍ വിനയാവുന്നത്. 

85 ട്വന്റി20 കളിച്ച മിതാലി 2283 റണ്‍സാണ് ഈ ഫോര്‍മാറ്റില്‍ നേടിയത്. 97 എന്ന ഉയര്‍ന്ന സ്‌കോറില്‍ 17 അര്‍ധ ശതകങ്ങളും നേടി. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോക കപ്പ് ട്വന്റി20യില്‍ ഇംഗ്ലണ്ടിനെതിരായ സെമിയില്‍ നിന്നും മിതാലിയെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് മിതാലിക്ക് വിരമിക്കല്‍ മത്സരം കളിക്കാന്‍ ബിസിസിഐ അവസരം ഒരുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com