രണ്ടാം വട്ടവും വിദര്‍ഭ തന്നെ, രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയെ 78 റണ്‍സിന് വീഴ്ത്തി

ഉമേഷ് യാദവായിരുന്നു ഭീഷണി തീര്‍ത്ത് മുന്നില്‍ നിന്നതെങ്കില്‍ ആക്രമണം മുഴുവന്‍ അഴിച്ചുവിട്ടത് സര്‍വാതെയായിരുന്നു
രണ്ടാം വട്ടവും വിദര്‍ഭ തന്നെ, രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയെ 78 റണ്‍സിന് വീഴ്ത്തി

രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും വിദര്‍ഭ കിരീടം ചൂടി. ഫൈനലില്‍ സൗരാഷ്ട്രയെ 78 റണ്‍സിന് തോല്‍പ്പിച്ചാണ് വിദര്‍ഭ കിരീടം നിലനിര്‍ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സ് എടുത്ത് ടീമിന് നിര്‍ണായക ലീഡ് നേടിക്കൊടുത്ത വിദര്‍ഭയുടെ സര്‍വാതെ, സൗരാഷ്ട്ര ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ അവരുടെ മുന്‍ നിരയെ തകര്‍ത്തു തരിപ്പണമാക്കി. 

ഉമേഷ് യാദവായിരുന്നു ഭീഷണി തീര്‍ത്ത് മുന്നില്‍ നിന്നതെങ്കില്‍ ആക്രമണം മുഴുവന്‍ അഴിച്ചുവിട്ടത് സര്‍വാതെയായിരുന്നു. ആറ് സൗരാഷ്ട്ര ബാറ്റ്‌സ്മാന്‍മാരെയാണ് രണ്ടാം ഇന്നിങ്‌സില്‍ സര്‍വാതെ മടക്കിയത്. 206 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗരാഷ്ട്ര അഞ്ചാം ദിനം 127 റണ്‍സിന് ഓള്‍ ഔട്ടായി. ഒന്നാം ഇന്നിങ്‌സില്‍ 312 റണ്‍സ് നേടിയ വിദര്‍ഭയ്ക്ക് മറുപടിയായി ഇറങ്ങിയ സൗരാഷ്ട്ര 307 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയെ 200 റണ്‍സിന് പുറത്താക്കാനായെങ്കിലും, സര്‍വാതെയുടെ ആക്രമണത്തിന് മുന്നില്‍ 127 റണ്‍സിന് സൗരാഷ്ട്ര ഓള്‍ ഔട്ടായി.

രണ്ട് ഇന്നിങ്‌സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ സര്‍വാതെയാണ് വിദര്‍ഭയുടെ ഫൈനല്‍ ഹീറോ. ആദ്യ ഇന്നിങ്‌സില്‍ പൂജാരയെ ഒരു റണ്‍സിന് പുറത്താക്കിയ വിദര്‍ഭ, രണ്ടാം ഇന്നിങ്‌സില്‍ പൂജാരയെ ഗോള്‍ഡന്‍ ഡക്കാക്കി തിരികെ അയച്ചാണ് ഫൈനലില്‍ നിര്‍ണായക വഴിത്തിരിവ് വരുത്തിയത്. കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തായിരുന്നു വിദര്‍ഭ ഫൈനലിലേക്ക് എത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com