കേരള രഞ്ജി ടീം മുൻ നായകൻ അശോക് ശേഖർ അന്തരിച്ചു

കേരള രഞ്ജി ടീം മുൻ നായകൻ അശോക് ശേഖർ അന്തരിച്ചു

വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന അശോക് ശേഖര്‍ 1970-71, 72-73, 74-75 സീസണുകളിലാണ് കേരള ടീമിനെ നയിച്ചത്

കണ്ണൂര്‍: കേരളത്തിന്റെ രഞ്ജിട്രോഫി ക്രിക്കറ്റ് മുൻ നായകൻ അശോക് ശേഖർ അന്തരിച്ചു. 73 വയസ്സായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.

വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന അശോക് ശേഖര്‍ 1970-71, 72-73, 74-75 സീസണുകളിലാണ് കേരള ടീമിനെ നയിച്ചത്. പതിനൊന്ന് മത്സരങ്ങളില്‍ ടീമിനെ നയിച്ചെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് ജയം സമ്മാനിക്കാനായത്. 1975ല്‍ കര്‍ണാടകയ്‌ക്കെതിരേയായിരുന്നു നായകനായ അവസാന മത്സരം.

കേരളത്തിനുവേണ്ടി 35 ഫസറ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അശോക് ശേഖര്‍ 68 ഇന്നിങ്‌സുകളില്‍ നിന്നായി 808 റണ്‍സാണ് നേടിയത്. 49 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 1997-98, 98-99 സീസണുകളില്‍ ബിസിസിഐയുടെ മാച്ച് റഫറിയായിരുന്നു. എസ്.ബി.ടിയില്‍ ഉദ്യോഗസ്ഥനായിരുന്നു.

കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്ബോൾ ടീം താരങ്ങളായിരുന്ന സി എം ചിദാനന്ദനും സി എം തീർത്ഥാനന്ദനും സഹോദരങ്ങളാണ്. ചിദാനന്ദനും തീര്‍ഥാനന്ദനും 2017ലാണ് മരിച്ചത്. അശോക് ശേഖറിന്റെ സംസ്‌കാരം ഇന്ന് കണ്ണൂരില്‍ നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com