ടീമിലേക്ക് തിരഞ്ഞെടുത്തില്ല; മുൻ ഇന്ത്യൻ താരത്തെ യുവ താരവും ​ഗുണ്ടകളും അക്രമിച്ചു

ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിന് മുൻ ഇന്ത്യൻ പേസ് ബൗളർക്ക് നേരെ ​ഗുണ്ടാ ആക്രമണം
ടീമിലേക്ക് തിരഞ്ഞെടുത്തില്ല; മുൻ ഇന്ത്യൻ താരത്തെ യുവ താരവും ​ഗുണ്ടകളും അക്രമിച്ചു

ന്യൂഡൽഹി: ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിന് മുൻ ഇന്ത്യൻ പേസ് ബൗളർക്ക് നേരെ ​ഗുണ്ടാ ആക്രമണം. മുൻ ഇന്ത്യൻ താരവും ഡൽഹി ക്യാപ്റ്റനും നിലവിൽ ഡൽഹി ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ അമിത് ഭണ്ഡാരിക്കാണ് മർദ്ദനമേറ്റത്. യുവ താരത്തിന്റെ നേതൃത്വത്തിലാണ് ഗുണ്ടകൾ അമിതിനെ മർദ്ദിച്ചത്. ഡൽഹിയുടെ അണ്ടർ 23 ക്രിക്കറ്റ് ടീം അംഗം കൂടിയായ അനൂജ് ദേധയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. 2000-04 കാലഘട്ടത്തിൽ ഇന്ത്യയ്ക്കായി രണ്ട് ഏകദിനങ്ങൾ കളിച്ച താരമാണ് അദ്ദേഹം.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഡൽഹി ടീം സെലക്ടറായ ഭണ്ഡാരി, ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജ് മൈതാനത്ത് ട്രയൽസിനു മേൽനോട്ടം വഹിക്കുമ്പോഴാണ് മർദ്ദനമേറ്റത്. ഡല്‍ഹിയുടെ അണ്ടര്‍ 23 ടീമിന്റെ സെലക്ഷന്‍ ട്രയല്‍സിനിടെയായിരുന്നു ആക്രമണം. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കു വേണ്ടിയുള്ള ടീമിന്റെ സെലക്ഷനായിരുന്നു ഗ്രൗണ്ടില്‍ നടന്നത്.

ഹോക്കി സ്റ്റിക് ഉൾപ്പെടെയുള്ള ആയുധങ്ങളുപയോഗിച്ചായിരുന്നു ആക്രമണം. തലയ്ക്കും ചെവിക്കും കാലിനും പരുക്കേറ്റ ഭണ്ഡാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ആൻഡ് ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടർ 23 ടീമിലേക്കുള്ള 56 അംഗ സാധ്യതാ പട്ടിക പ്രഖ്യാപിച്ചപ്പോൾ  അനൂജ് ദേധയെ അതിൽ ഉൾപ്പെടുത്താതിരുന്നതാണ് ആക്രമണത്തിനു കാരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ആക്രമണത്തിനു നേതൃത്വം നൽകിയ അനൂജിനെയും ഗുണ്ടാ സംഘത്തിലെ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഉൾപ്പെട്ട ആരെയും വെറുതെ വിടില്ലെന്ന് ഡിഡിസിഎ പ്രസിഡന്റ് രജത് ശർമ വ്യക്തമാക്കി. 

ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഡൽഹി ക്രിക്കറ്റിലൂടെ ഇന്ത്യൻ ടീമിലെത്തിയ വീരേന്ദർ സേവാഗ്, ഗൗതം ഗംഭീർ തുടങ്ങിയവർ രംഗത്തെത്തി. ടീമിൽ ഉൾപ്പെടുത്താത്തതിന്റെ പേരിലുള്ള ആക്രമണം കേട്ടുകേൾവി പോലുമില്ലാത്തതാണെന്ന് സേവാഗ് പ്രതികരിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും സേവാഗ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഗൗതം ഗംഭീറും വ്യക്തമാക്കി. കുറ്റക്കാരനായ താരത്തിന് ക്രിക്കറ്റിന്റെ എല്ലാ തലങ്ങളിൽ നിന്നും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് ഗംഭീറും ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com