മൂന്ന് കാരണങ്ങളുണ്ട്; പരമ്പര നഷ്ടപ്പെടുത്തിയ രോഹിത്തിന്റെ മൂന്ന് തെറ്റായ നീക്കങ്ങള്‍

കീവീസിനെതിരായ ട്വന്റി20 പരമ്പരയില്‍ രോഹിത്തിന്റെ ചില തീരുമാനങ്ങള്‍ പരമ്പര നഷ്ടപ്പെടുന്നതിലേക്ക് നയിച്ചിട്ടില്ലേയെന്ന് ആരാധകര്‍ക്ക് പോലും തോന്നും
മൂന്ന് കാരണങ്ങളുണ്ട്; പരമ്പര നഷ്ടപ്പെടുത്തിയ രോഹിത്തിന്റെ മൂന്ന് തെറ്റായ നീക്കങ്ങള്‍

പത്ത് പരമ്പരകളില്‍ തോല്‍വി അറിയാതെയുള്ള ഇന്ത്യയുടെ കുതിപ്പിന് കീവീസ് തടയിട്ടു.  ഹാമില്‍ട്ടണില്‍ ജയിച്ച് പരമ്പര പിടിച്ച് ചരിത്രമെഴുതുവാനുള്ള സുവര്‍ണാവസരം സന്ദര്‍ശകര്‍ക്ക് മുതലാക്കുവാനായില്ല. ബൗളര്‍മാര്‍ 200 റണ്‍സിന് മുകളില്‍ വഴങ്ങിയപ്പോള്‍ ബാറ്റ്‌സ്മാന്‍മാരുടെ സമ്മര്‍ദ്ദം ഇരട്ടിച്ചു. നായകനായ എല്ലാ പരമ്പരകളിലും ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ച രോഹിത്തിന്റെ വിജയ തേരോട്ടത്തിനും അവിടെ അവസാനമായി. 

പരമ്പര ജയം നിര്‍ണയിക്കുന്ന ട്വന്റി20യില്‍ ഇന്ത്യ ഇത് ആദ്യമായിട്ടാണ് തോല്‍ക്കുന്നത്. നായകന്‍ എന്ന നിലയില്‍ ഏറെ പ്രശംസ രോഹിത് വാങ്ങിക്കൂട്ടിയിട്ടുണ്ട്. എന്നാല്‍ കീവീസിനെതിരായ ട്വന്റി20 പരമ്പരയില്‍ രോഹിത്തിന്റെ ചില തീരുമാനങ്ങള്‍ പരമ്പര നഷ്ടപ്പെടുന്നതിലേക്ക് നയിച്ചിട്ടില്ലേയെന്ന് ആരാധകര്‍ക്ക് പോലും തോന്നും, അങ്ങിനെ രോഹിത്തിന് പിഴച്ച ചില ചുവടുകള്‍ ഇവയാണ്...

വിജയ് ശങ്കറെ വേണ്ട വിധം മുതലാക്കിയില്ല

ബാറ്റിങ് ഓള്‍ റൗണ്ടറായിട്ടാണ് വിജയ് ശങ്കര്‍ ടീമിലേക്കെത്തിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വലിയ ബൗളിങ് റെക്കോര്‍ഡ് വിജയ് ശങ്കറിനില്ല. എന്നാല്‍ വിശ്വാസം അര്‍പ്പിച്ച് പരീക്ഷിക്കാവുന്ന മീഡിയം പേസ് ബൗളറാണ് താരം. പക്ഷേ ട്വന്റി20 പരമ്പരയില്‍ മൂന്ന് കളിയിലും ബാറ്റ്‌സ്മാനായി മാത്രമാണ് രോഹിത് വിജയ് ശങ്കറെ പരിഗണിച്ചത്. 

ബാക്കി അഞ്ച് ബൗളര്‍മാരും മികവ് കാട്ടിയിരുന്നു എങ്കില്‍ പിന്നെ വിജയ് ശങ്കറുടെ കൈകളിലേക്ക് പന്ത് നല്‍കേണ്ട ആവശ്യമില്ലെന്ന് പറയാം. എന്നാല്‍ ആദ്യത്തേയും, അവസാനത്തേയും ട്വന്റി20യില്‍ അതായിരുന്നില്ല അവസ്ഥ. രോഹിത്തിന് ബൗളിങ് ചെയ്ഞ്ചില്‍ സാധ്യതയായി വിജയ് ശങ്കറെ പരീക്ഷീക്കാമായിരുന്നു. 

കുല്‍ദീപിനെ ഒഴിവാക്കിയത് മണ്ടത്തരമല്ലേ

റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കീവീസ് ബാറ്റിങ് നിര വിയര്‍ത്തൊലിക്കും. ഇന്ത്യയുടെ ഈ ടൂറില്‍ തന്നെ അത് വ്യക്തമായി. കുല്‍ദീപിനെതിരെ അവര്‍ കുഴങ്ങിയത് നമ്മള്‍ കണ്ടതാണ്. ഏകദിന പരമ്പര പിടിക്കാന്‍ മുഖ്യ ഘടകമായത് കുല്‍ദീപാണ്. രണ്ട് വട്ടമാണ് ഏകദിന പരമ്പരയില്‍ കുല്‍ദീപ് നാല് വിക്കറ്റ് നേട്ടം കൈവരിച്ചത്. എന്നാല്‍ ട്വന്റി20 പരമ്പരയില്‍ ആദ്യ രണ്ട് കളികളില്‍ കുല്‍ദീപിനെ രോഹിത് ഇറകക്കിയില്ല.

അവസാന കളിയില്‍ ഇറക്കിയപ്പോള്‍ കുല്‍ദീപ് തന്റെ മികവ് കാട്ടുകയും ചെയ്തു. വിക്കറ്റ് വീഴ്ത്തുകയും, ഏറ്റവും കുറവ് റണ്‍സ് ഹാമില്‍ട്ടണില്‍ വഴങ്ങുകയും ചെയ്തത് കുല്‍ദീപ് ആണ്. കുല്‍ദീപിനെ ഇന്ത്യ മൂന്ന് കളിയിലും ഇറക്കിയിരുന്നു എങ്കില്‍ റിസല്‍ട്ടില്‍ അത് മാറ്റം കൊണ്ടുവന്നേനെ. 

ഓള്‍ റൗണ്ടര്‍മാര്‍ അധികമായാല്‍

മൂന്ന് ഓള്‍ റൗണ്ടര്‍മാരുമായിട്ടാണ് ഇന്ത്യ മൂന്ന് ട്വന്റി20യും കളിച്ചത്. ക്രുനാല്‍, ഹര്‍ദിക്, വിജയ് ശങ്കര്‍. എന്നാല്‍ ശങ്കറിനെ ശരിക്കും ഉപയോഗിക്കാതിരുന്നപ്പോള്‍ ടീമിന്റെ ബാലന്‍സിനെ അത് ബാധിച്ചു. ബൗളിങ്ങിലെ പോരായ്മയാണ് പരമ്പരയില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. മൂന്ന് ഓള്‍ റൗണ്ടര്‍ക്ക് പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറെ രോഹിത്തിന് ഇറക്കാമായിരുന്നു. 

ഇന്ത്യയുടെ ടോപ് ത്രീ ബൗളിങ് നിര ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്നതിന്റെ റെക്കോര്‍ഡ് ഈ പരമ്പരയിലാണ് വന്നിരിക്കുന്നത്. ശരിയായ കോമ്പിനേഷന്‍ ബൗളിങ്ങില്‍ ഇല്ലാത്തതാണ് ഇതിലേക്ക് നയിച്ചത്. ഇതിന്റെ സമ്മര്‍ദ്ദമെല്ലാം ബാറ്റ്‌സ്മാന്‍മാരിലേക്ക് വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com