ശാപകഥകളുണ്ട് ഐപിഎല്ലിന് പറയാന്‍; കേടുപാടില്ലാത്ത ഉടമ ഒരാള്‍ മാത്രം, വഴിയില്‍ വീണവരുടെ കണക്കുകള്‍ ഇങ്ങനെ

ടീം ഉടമകള്‍, അസോസിയേറ്റുകള്‍, കളിക്കാര്‍, നിയമങ്ങള്‍, ബിസിസിഐയിലെ വലിയ തലകള്‍ മുതല്‍ ബ്രോഡ്കാസ്റ്റ് സിഇഒ വരെ പതിനൊന്ന് വര്‍ഷം പിന്നിടുന്നതിന് ഇടയില്‍ പലപ്പോഴായി വീണു
ശാപകഥകളുണ്ട് ഐപിഎല്ലിന് പറയാന്‍; കേടുപാടില്ലാത്ത ഉടമ ഒരാള്‍ മാത്രം, വഴിയില്‍ വീണവരുടെ കണക്കുകള്‍ ഇങ്ങനെ

പതിനൊന്ന് വര്‍ഷം പിന്നിട്ടു കഴിഞ്ഞു ഐപിഎല്‍. കുട്ടിക്രിക്കറ്റിന്റെ പൂരം പണമൊഴുക്കി വര്‍ഷങ്ങള്‍ ഇങ്ങനെ പിന്നിടുമ്പോള്‍ പല മാറ്റങ്ങളും ഇടയിലുണ്ടായി. വീണവര്‍ പലരുമുണ്ട്. കടന്നു പോയ വര്‍ഷങ്ങളെ നോക്കി കണക്കെടുക്കുമ്പോള്‍ മൂന്ന് ഐപിഎല്‍ ടീമുകള്‍ മാത്രമാണ്, തുടങ്ങിയവരുടെ കൈകളില്‍ തന്നെ ഭദ്രമായി ഇപ്പോഴുമുള്ളത്. പണമൊഴുക്കി കടന്നു വന്ന ഭൂരിഭാഗം ടീം ഉടമകള്‍ക്കും ഐപിഎല്ലില്‍ അല്‍പ്പായുസായിരുന്നു. 

മുകേഷ് അംബാനിയുടെ മുംബൈ ഇന്ത്യന്‍സ്, ഷാരൂഖ് ഖാന്‍, ജുഹി ചൗള, ജയ് മേഹ്ത എന്നിവരുടെ ഉടമസ്ഥതയിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മോഹിത് ശര്‍മ(48 ശതമാനം), നെസ് വാദിയ, പ്രിതി സിന്റ(23 ശതമാനം), കരണ്‍ പോള്‍(6 ശതമാനം) എന്നിവരുടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ മാത്രമാണ് ഉടമസ്ഥതയില്‍ വലിയ അനക്കങ്ങളില്ലാതെ 11 സീസണും കളിച്ചത്. 

സാമ്പത്തിക തട്ടിപ്പ് കേസില്‍ നിയമനടപടി ഭയന്ന് നാടുവിട്ട വിജയ് മല്ല്യയുടെ ബാംഗ്ലൂര്‍, കടക്കെണിയില്‍ വീണ് ഉഴറി ഐപിഎല്‍ കളിക്കളം വിട്ട ടി.വെങ്കട് റാം റെഡ്ഡിയുടെ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, രണ്ട് വര്‍ഷം തടവ് ശിക്ഷ വാങ്ങിക്കൂട്ടിയ സുബ്രതോ റോയിയുടെ പുനെ വാരിയേഴ്‌സ്, ഒത്തുകളിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ട് മാറി നില്‍ക്കേണ്ടി വന്ന രാജ് കുന്ദ്രയുടെ രാജസ്ഥാന്‍ റോയല്‍സ്, എന്‍.ശ്രീനിവാസന്റെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. അലയൊലികള്‍ ഈ അഞ്ച് ഐപിഎല്‍ ടീമുകളേയും പിടിച്ച് കുലിക്കിക്കൊണ്ടിരുന്നു കടന്നു പോയ വര്‍ഷങ്ങളിലെല്ലാം. 

ഐപിഎല്‍ ശാപം ഏറ്റവും കൂടുതല്‍ വലച്ച മൂന്ന് പേരുണ്ട്, ലളിത് മോദി, എന്‍.ശ്രീനിവാസന്‍, വിജയ് മല്യ. ലളിത് മോദിയെ ഐപിഎല്ലില്‍ നിന്ന് മാത്രമല്ല, രാജ്യത്ത് നിന്ന് തന്നെ തുരത്തി. ടീം ഉടമകള്‍, അസോസിയേറ്റുകള്‍, കളിക്കാര്‍, നിയമങ്ങള്‍, ബിസിസിഐയിലെ വലിയ തലകള്‍ മുതല്‍ ബ്രോഡ്കാസ്റ്റ് സിഇഒ വരെ പതിനൊന്ന് വര്‍ഷം പിന്നിടുന്നതിന് ഇടയില്‍ പലപ്പോഴായി വീണു. 

ഏറ്റവും വലിയ പ്രഹരമേറ്റത് ബിസിസിഐയ്ക്ക് തന്നെയാണ്. രാജ്യത്തെ ക്രിക്കറ്റിനെ വളര്‍ത്താനുള്ള ഓര്‍ഗനൈസേഷന്‍, ഐപിഎല്ലില്‍ നിന്നും പണം വാരിക്കൂട്ടുന്നതിനുള്ള കോമേഴ്ഷ്യല്‍ സ്ഥാപനമായി മാറി. പക്ഷേ അതോടെ ബിസിസിഐയ്ക്ക് എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി. ബിസിസിഐയുടെ പരമാധികാരം സുപ്രീംകോടതി ചോദ്യം ചെയ്തു. ഒടുവില്‍ ബിസിസിഐ നിയന്ത്രിക്കാനും ശുദ്ധീകലശം നടത്തുവാനും ആര്‍.എം.ലോധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍.

ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍  ആദിത്യ വര്‍മയെ മുന്നില്‍ വെച്ച് ബിസിസിഐയുടെ വിശ്വാസ്യതയെ തകര്‍ത്ത്, ഒത്തുകളി ആരോപണങ്ങള്‍ മുന്നില്‍ വെച്ച് ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ കുലുക്കാന്‍ ലളിത് മോദിക്കായി. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളുടെ സസ്‌പെന്‍ഷനിലേക്കാണ് അത് നയിച്ചത്. ഉടമസ്ഥതയില്‍ മാറ്റമുണ്ടായില്ല എങ്കിലും പ്രശ്‌നങ്ങള്‍ ഈ വര്‍ഷങ്ങളിലെല്ലാം കൊല്‍ക്കത്തയേയും പഞ്ചാബിനേയുമെല്ലാം തേടിയെത്തി. പ്രിതി സിന്റയും നെസ് വാദിയയും തമ്മിലുണ്ടായ പീഡനക്കേസിലേക്ക് വരെ എത്തിയ പ്രശ്‌നങ്ങള്‍ പഞ്ചാബിന് നേരിടേണ്ടി വന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരി വിലയില്‍ വരുത്തുന്ന മാറ്റങ്ങളെ തുടര്‍ന്ന് നിരന്തരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് വിധേയമാകേണ്ടി വന്നിരുന്നു ഷാരൂഖ് ഖാന്. 

ടീം ഉടമസ്ഥതയില്‍ ഒരു അലയൊലിയുമില്ലാതെ മുന്നോട്ടു പോയത് മുകേഷ് അംബാനിയുടെ മുംബൈ ഇന്ത്യന്‍സ് മാത്രം. ജിയോ വേരുറപ്പിച്ചതോടെ കൂടുതല്‍ ശക്തമായി മുംബൈ ഇന്ത്യന്‍സും. ഒരു സീസണിന് അപ്പുറം ആയുസില്ലാതെ പോയ കൊച്ചി തസ്‌ക്കേഴ്‌സിനുമുണ്ട് ഐപിഎല്ലിന്റെ ശാപകഥയില്‍ ഇടം. ബ്രോഡ്കാസ്റ്റേഴ്‌സ് സിഇഒയിലേക്ക് വരുമ്പോള്‍ എംഎസ്എം/ സോണി എന്റര്‍ടെയ്ന്‍മെന്റിന്റെ സിഇഒ ക്രുനാല്‍ ദാസ്ഗുപ്തയാണ് ആദ്യം ഞെട്ടിയത്. അട്ടിമറിയില്‍ ക്രുനാല്‍ പുറത്തായി. ഐപിഎല്‍ ശാപം ഒരു സത്യമാണ്. ഇനി വരുന്ന സീസണുകള്‍ കരുതി വെച്ചിരിക്കുന്നതെന്താണെന്ന് കാത്തിരുന്ന് കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com