ദ്രാവിഡാണ് പ്രചോദനം; യുവ താരങ്ങളുടെ മികവ് ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ഇതിഹാസങ്ങളെ കൊണ്ടുവരുന്നു

ദ്രാവിഡിന്റെ വരവ് ഇന്ത്യയിലെ യുവ താരങ്ങളിലുണ്ടാക്കിയ മാറ്റം പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍
ദ്രാവിഡാണ് പ്രചോദനം; യുവ താരങ്ങളുടെ മികവ് ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ഇതിഹാസങ്ങളെ കൊണ്ടുവരുന്നു

കറാച്ചി: ക്രിക്കറ്റ് ലോകത്തെ പ്രചോദനാത്മക വ്യക്തിത്വമാണ് രാഹുല്‍ ദ്രാവിഡ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കളിക്കുന്ന കാലത്ത് മാന്യത കൊണ്ടും ബാറ്റിങ് മികവ് കൊണ്ടും ശ്രദ്ധേയനായ ദ്രാവിഡ് നിലവില്‍ അണ്ടര്‍ 19, എ ടീമുകളുടെ മുഖ്യ പരിശീലകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. അണ്ടര്‍ 19 ടീമിനെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ചും പുതിയ താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചും ബാറ്റിങ് ടെക്‌നിക്കുകള്‍ അവര്‍ക്ക് പകര്‍ന്ന് നല്‍കിയും ദ്രാവിഡ് വാര്‍ത്തകളില്‍ നിറയാറുണ്ട്. 

ദ്രാവിഡ് ഇപ്പോള്‍ മാതൃകയാകുന്നത് പാക്കിസ്ഥാന്‍ ക്രിക്കറ്റിന് കൂടിയാണ്. ദ്രാവിഡിന്റെ വരവ് ഇന്ത്യയിലെ യുവ താരങ്ങളിലുണ്ടാക്കിയ മാറ്റം പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ദ്രാവിഡിനെ അണ്ടര്‍ 19 കോച്ചാക്കിയത് പോലെ പാക്കിസ്ഥാന്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലക സ്ഥാനത്ത് അവര്‍ മുന്‍ താരങ്ങളെ നോട്ടമിടുന്നു. 

മുന്‍ ക്യാപ്റ്റന്‍മാരായ യൂനിസ് ഖാനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പാക്കിസ്ഥാന് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്റ്‌സ്മാനാണ് യൂനിസ് ഖാന്‍. ജൂനിയര്‍ താരങ്ങളെ പരിശീലിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് യൂനിസ് നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചതും പാക് അധികൃതര്‍ കാര്യമായി എടുക്കുന്നുണ്ട്. 

മുന്‍ ടെസ്റ്റ് നായകന്‍ മുഹമ്മദ് യൂസഫിന്റെ സേവനവും പാക് ക്രിക്കറ്റ് ആഗ്രഹിക്കുന്നുണ്ട്. ലാഹോറില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ് പരിശീലകനായി മുഹമ്മദ് യൂസഫിനെ നിയന്ത്രിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. 

മുന്‍ താരങ്ങളെ മികവിനായി ടീമുകള്‍ ആശ്രയിക്കുന്നത് ഓസ്‌ട്രേലിയ എക്കാലത്തും നടപ്പിലാക്കിയിട്ടുണ്ട്. റോഡ്‌നി മാര്‍ഷ്, അല്ലന്‍ ബോര്‍ഡര്‍ ഇപ്പോള്‍ റിക്കി പോണ്ടിങ് എന്നിവരെല്ലാം തങ്ങളുടെ ക്രിക്കറ്റ് അറിവുകള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കാന്‍ സന്നദ്ധരായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com