'സിക്‌സ് നേടാന്‍ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു'; സിംഗിള്‍ നിഷേധിച്ചതിനെ കുറിച്ച് കാര്‍ത്തിക് 

സിംഗിള്‍ നിഷേധിച്ച സമയത്ത് തീര്‍ച്ചയായും ഒരു സിക്‌സ് നേടാന്‍ സാധിക്കുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്
'സിക്‌സ് നേടാന്‍ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു'; സിംഗിള്‍ നിഷേധിച്ചതിനെ കുറിച്ച് കാര്‍ത്തിക് 

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡ് പര്യടനത്തില്‍ പടിപടിയായി ജയിച്ച് മുന്നേറിയ ഇന്ത്യയെ ട്വന്റി 20 പരമ്പര നിരാശപ്പെടുത്തി. അവസാനമത്സരം വരെ ആവേശം നിറഞ്ഞുനിന്ന പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ നാലു റണ്‍സില്‍ ന്യൂസിലന്‍ഡിനോട് തോറ്റു. അവസാന ഓവറിലെ മൂന്നാം പന്തില്‍ സിംഗിള്‍ എടുക്കാന്‍ വിസമ്മതിച്ച കാര്‍ത്തിക്കിന്റെ നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു.ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാര്‍ത്തിക്. 

213 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ആറിന് 145 എന്ന നിലയില്‍ തകര്‍ന്നപ്പോഴാണ് കാര്‍ത്തിക്കും ക്രുനാല്‍ പാണ്ഡ്യയും ക്രീസില്‍ ഒന്നിക്കുന്നത്. '' ആ സാഹചര്യത്തില്‍ ഞാനും ക്രുനാലും മികച്ച രീതിയില്‍ തന്നെ ബാറ്റ് ചെയ്‌തെന്നാണ് വിശ്വാസം. എതിര്‍ ടീം ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കുന്ന നിലയിലേക്ക് മത്സരം എത്തിക്കാന്‍ ഞങ്ങള്‍ക്കായി. എന്നാല്‍ സിംഗിള്‍ നിഷേധിച്ച സമയത്ത് തീര്‍ച്ചയായും ഒരു സിക്‌സ് നേടാന്‍ സാധിക്കുമെന്നായിരുന്നു ഞാന്‍ വിശ്വസിച്ചിരുന്നത് ''  കാര്‍ത്തിക് പറഞ്ഞു. 

''ഒരു മധ്യനിര ബാറ്റ്‌സ്മാന്‍ എന്ന നിലയ്ക്ക് സമ്മര്‍ദ ഘട്ടങ്ങളില്‍ വലിയ ഷോട്ടുകള്‍ കളിക്കാനുള്ള നിങ്ങളുടെ കഴിവില്‍ നിങ്ങള്‍ക്കു തന്നെ വിശ്വാസം വേണം. അതേപോലെ തന്നെ ക്രീസിലെ പങ്കാളിയെ വിശ്വസിക്കുക എന്നതും പ്രധാനമാണ്. എന്നാല്‍ അന്ന് അതൊന്നും നടന്നില്ല, ഇത്തരം കാര്യങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കും''  കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു. 

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഇന്ത്യയെ ജയത്തിന് അരികിലേക്കെത്തിക്കാന്‍ ദിനേശ് കാര്‍ത്തിക്കിനും, ക്രുനാല്‍ പാണ്ഡ്യക്കുമായി.  എന്നാല്‍ അവസാന ഓവറിലെ കാര്‍ത്തിക്കിന്റെ നീക്കത്തിനെതിരെ ആരാധകര്‍ ഒന്നടങ്കം വ്യാപക വിമര്‍ശനമാണ് നടത്തിയത്.

ഓരോ ബോളിലും റണ്‍സ് കണ്ടെത്തി ഇന്ത്യയെ ജയത്തിലേക്കെത്തിക്കുവാനാണ് ക്രുനാലും, കാര്‍ത്തിക്കും ശ്രമിച്ചത്. ഒടുവില്‍ നാല് പന്തില്‍ നിന്നും ജയിക്കാന്‍ 14 റണ്‍സ് വേണമെന്നിരിക്കെ സിംഗിള്‍ എടുക്കാന്‍ അവസരം ഉണ്ടായിട്ടും കാര്‍ത്തിക് തയ്യാറായില്ല. നോണ്‍സ്‌െ്രെടക്കേഴ്‌സ് എന്‍ഡില്‍ നിന്നും ക്രുനാല്‍ റണ്‍സിനായി ഓടിയെങ്കിലും കാര്‍ത്തിക് തിരിച്ചയച്ചു. 

നാല് സിക്‌സാണ് കാര്‍ത്തിക്കിന്റെ ഇന്നിങ്‌സില്‍ നിന്നും പിറന്നത്. ക്രുനാല്‍ രണ്ട് ഫോറും രണ്ട് സിക്‌സും പറത്തിയിരുന്നു. അവസാന ഓവറിലെ ആദ്യ നാല് ബോളുകളില്‍ ബിഗ് ഷോട്ട് ഉതിര്‍ക്കാന്‍ കാര്‍ത്തിക്കിനായില്ല. 2,0,2,1 എന്നിങ്ങനെയായിരുന്നു അവസാന ഓവറിലെ ആദ്യ നാല് പന്തില്‍ കാര്‍ത്തിക് ഇന്ത്യക്കായി നേടിയത്. 

അവസാന പന്തില്‍ സിക്‌സ് പറത്തിയെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു. ക്രിക്കറ്റില്‍ ഓരോ റണ്‍സും വിലപ്പെട്ടതാണ്. നോണ്‍ സ്‌െ്രെടക്കേഴ്‌സ് എന്‍ഡിലുള്ള താരത്തിന് കൂറ്റന്‍ ഷോട്ടുകള്‍ പായിക്കുന്നതിനുള്ള പ്രാഗത്ഭ്യവും ഉണ്ടെന്നിരിക്കെ കാര്‍ത്തിക്കിന്റെ ഭാഗത്ത് നിന്നുമുണ്ടായ നീക്കത്തെ ആരാധകര്‍ വിമര്‍ശിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com