മൂന്ന് ഒഴിവ്, ഏഴ് പേര്‍; ഇവര്‍ക്ക് മുന്നിലെ വഴികള്‍ അടഞ്ഞിട്ടില്ല

വിക്കറ്റ് വീഴ്ത്തി, റണ്‍സ് കണ്ടെത്തി, ഫീല്‍ഡിങ്ങില്‍ മികവ് കാണിച്ചിട്ടും ന്യൂസിലാന്‍ഡില്‍ ഒരു മത്സരം പോലും ജഡേജയെ കളിപ്പിച്ചില്ല
മൂന്ന് ഒഴിവ്, ഏഴ് പേര്‍; ഇവര്‍ക്ക് മുന്നിലെ വഴികള്‍ അടഞ്ഞിട്ടില്ല

ഇംഗ്ലണ്ടിലേക്ക് 12 ഇന്ത്യന്‍ താരങ്ങള്‍ ടിക്കറ്റ് ഉറപ്പിച്ചു കഴിഞ്ഞു. രോഹിത്, ധവാന്‍, കോഹ് ലി, റായിഡു, ധോനി, ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഭൂമ്ര, ഷമി, കുല്‍ദീപ് യാദവ്, ചഹല്‍ എന്നിവര്‍ മറ്റ് അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ടീമിലുണ്ടാവും. എന്നാല്‍ 15 അംഗ ടീമിലേക്ക് ഇനി വരേണ്ട മൂന്ന് പേര്‍ ആരൊക്കെയാവും? ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതില്‍ നിന്ന് തന്നെ വ്യക്തമാണ് സെലക്ടര്‍മാരുടെ ആശയക്കുഴപ്പം. 

ഈ മൂന്ന് സ്ഥാനത്തിനായി ഏഴ് താരങ്ങള്‍ വരെ പൊരുതുന്നുണ്ട്. കെ.എല്‍.രാഹുലിനെ അഞ്ച് ഏകദിനങ്ങളിലും, ട്വന്റി20 പരമ്പരയിലും ഉള്‍പ്പെടുത്തിയതും, ഏകദിനത്തില്‍ നിന്ന് ദിനേശ് കാര്‍ത്തിക്കിനേയും, രവീന്ദ്ര ജഡേജയേയും മാറ്റി നിര്‍ത്തിയതുമാണ് ലോക കപ്പ് സെലക്ഷനുമായി ബന്ധപ്പെട്ട് സെലക്ടര്‍മാര്‍ ഏറ്റവും ഒടുവില്‍ നല്‍കിയ സൂചന. ഒരു അവസരം കൂടി സെലക്ടര്‍മാര്‍ രാഹുലിന് നല്‍കുമ്പോള്‍ തന്നെ, റിസര്‍വ് ഓപ്പണറായി പന്തിനെ സെലക്ടര്‍മാര്‍ പരിഗണിക്കുന്നുമുണ്ട്. 

മധ്യനിരയില്‍ പല വട്ടം മികവ് തെളിയിക്കാന്‍ ദിനേശ് കാര്‍ത്തിക്കിനായിട്ടുണ്ട്. അതിനാല്‍ ലോക കപ്പ് ടീമില്‍ ഇടം നേടുവാനുള്ള സാധ്യത കാര്‍ത്തിക്കിന് മുന്നില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ല. കഴിഞ്ഞ 12 മാസത്തിന് ഇടയില്‍ ഫിനിഷര്‍ എന്ന നിലയിലേക്കും കാര്‍ത്തിക് വളര്‍ന്നു. ജഡേജയിലേക്ക് വരുമ്പോള്‍ ഭേദപ്പെട്ട കളി പുറത്തെടുത്തിട്ടും ജഡേജയ്ക്ക് ടീമില്‍ ഇടം ലഭിക്കുന്നില്ലെന്ന അവസ്ഥയാണ്. 

വിക്കറ്റ് വീഴ്ത്തി, റണ്‍സ് കണ്ടെത്തി, ഫീല്‍ഡിങ്ങില്‍ മികവ് കാണിച്ചിട്ടും ന്യൂസിലാന്‍ഡില്‍ ഒരു മത്സരം പോലും ജഡേജയെ കളിപ്പിച്ചില്ല. പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് കാര്‍ത്തിക്കിന്റെ സാധ്യതകള്‍ കുറയ്ക്കും. ധോനിക്ക് പിന്നില്‍ പന്ത് വരുന്നത് മാത്രമല്ല കാര്‍ത്തിക്കിന്റെ സാധ്യതകള്‍ കുറയ്ക്കുന്നത്. കാര്‍ത്തിക്കിന്റെ മധ്യനിരയിലെ ഇടം കേദാര്‍ ജാദവ് ഉറപ്പിക്കുകയാണ്. കളി ഫിനിഷ് ചെയ്യുന്നതില്‍ കാര്‍ത്തിക്കിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്നതാണ് ജാദവിന്റെ പ്ലസ് പോയിന്റ്. 

ജഡേജയുടെ സാധ്യതകള്‍ കുറയ്ക്കുന്നതും കേദാര്‍ ജാദവ് തന്നെയാണ്. പാര്‍ട് ടൈം സ്പിന്നറായി ജാദാവ് മികവ് കാണിക്കുന്നതാണ് ജഡേജയ്ക്ക് തിരിച്ചടിയാവുന്നത്. ചഹലും, കുല്‍ദീപും ടീമിലേക്കെത്തുമ്പോള്‍ മൂന്നാമതൊരു സ്പിന്നര്‍ ആഡംബരമാകും. ഇംഗ്ലണ്ടില്‍ ഫാസ്റ്റ് ബൗളര്‍ ഓള്‍ റൗണ്ടര്‍ എന്ന ആവശ്യകത ഹര്‍ദിക് പാണ്ഡ്യയിലൂടെ ഇന്ത്യ നികത്തും. ഹര്‍ദിക്കിനൊപ്പം ജാദവിനേയും ഇന്ത്യയ്ക്ക് ഇവിടെ ആശ്രയിക്കാനാവും. 

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും, ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടാതെ നില്‍ക്കുന്ന രഹാനെ, ഉമേഷ് യാദവ്, ഉനദ്ഖട്ട്, ദിനേശ് കാര്‍ത്തിക് എന്നിവരുടെ ലോക കപ്പ് സാധ്യതകളൊന്നും അവസാനിച്ചിട്ടില്ല. സെലക്ടര്‍മാര്‍ക്ക് അവരെ കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഉള്‍പ്പെട്ട താരങ്ങള്‍ പരാജയപ്പെട്ടാല്‍ ഇവര്‍ക്ക് നേട്ടമാവുകയും ചെയ്യും. പിന്നാലെ വരുന്ന ഐപിഎല്ലും നിര്‍ണായകമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com