അഞ്ച് പേർ സംപൂജ്യർ; എല്ലാവരും ചേർന്ന് സ്കോർ ചെയ്തത് വെറും 24 റൺസ്; സ്വന്തം നാട്ടിൽ നാണംകെട്ട് ഒമാൻ

ഏകദിന ക്രിക്കറ്റ് പോരാട്ടത്തിൽ വെറും 24 റൺസിന് പുറത്തായതിന്റെ നാണക്കേടിൽ ഒമാൻ
അഞ്ച് പേർ സംപൂജ്യർ; എല്ലാവരും ചേർന്ന് സ്കോർ ചെയ്തത് വെറും 24 റൺസ്; സ്വന്തം നാട്ടിൽ നാണംകെട്ട് ഒമാൻ

മസ്ക്കറ്റ്: ഏകദിന ക്രിക്കറ്റ് പോരാട്ടത്തിൽ വെറും 24 റൺസിന് പുറത്തായതിന്റെ നാണക്കേടിൽ ഒമാൻ. സ്‌കോട്‌ലന്‍ഡിനെതിരായ ആദ്യ ഏകദിന മത്സരത്തിലാണ് സ്വന്തം നാട്ടിൽ തന്നെ ഒമാൻ നാണംകെട്ടത്. വെറും 17.1 ഓവറുകൾ മാത്രം ബാറ്റ് ചെയ്ത് 24 റൺസിൽ പുറത്തായ ഒമാനെതിരെ സ്‌കോട്‌ലന്‍ഡ് 3.2 ഓവറുകളിൽ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ അനായാസം വിജയിച്ചു.

ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്‌കോറാണ് ഒമാന്റെ 24 റണ്‍സ്. നാല് വിക്കറ്റുകള്‍ വീതം നേടിയ അഡ്രിയാന്‍ നെയ്‌ലും റൈദ്രി സ്മിത്തും ചേര്‍ന്നാണ് ഒമാനെ ചരുട്ടിക്കൂട്ടിയത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ സ്‌കോട്‌ലൻഡ്, ഒമാനെ ബാറ്റിങിനയക്കുകയായിരുന്നു. 

15 റണ്‍സെടുത്ത ഖവര്‍ അലിയാണ് ഒമാന്റെ ടോപ് സ്‌കോറര്‍. രണ്ട് റണ്‍സ് വീതമെടുത്ത മുഹമ്മദ് നദീമും അജയ് ലാല്‍ചേതയുമാണ് പിന്നീടുള്ള ബാറ്റ്‌സ്മാന്‍മാര്‍. അഞ്ച് താരങ്ങൾ പൂജ്യത്തിന് പുറത്തായി. 25 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സ്കോട്ട്ലൻഡാകട്ടെ 3.2 ഓവറിൽ അതിവേഗം വിജയത്തിലെത്തി. ഓപണർമാരായ മാത്യു ക്രോസ് 10 റൺസും സഹ ഓപണറും നായകനുമായ കെയ്ൽ കോട്സർ 16 റൺസും കണ്ടെത്തി പുറത്താകാതെ നിന്നു. 

ക്രിക്കറ്റിലെ തങ്ങളുടെ വളര്‍ച്ച ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തിലെ സ്‌കോട്‌ലന്‍ഡിന്റെ വിജയം. കഴിഞ്ഞ വര്‍ഷം ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെതിരേ 371 റണ്‍സ് സ്‌കോര്‍ ചെയ്ത ടീമാണ് സ്‌കോട്‌ലന്‍ഡ്. അന്ന് വെറും ആറ് റണ്‍സിനാണ് ടീം തോറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com