ആ സിക്സർ പറന്നത് സ്റ്റേഡിയം കടന്ന് 121 മീറ്റർ അകലെ; 39ാം വയസിലും ​മാരകമാണ് ​ഗെയ്‌ലാട്ടം

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിന്‍ഡീസ് ടീമില്‍ തിരിച്ചെത്തിയ ക്രിസ് ഗെയ്‌ല്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായാണ് കഴിഞ്ഞ ദിവസം അത് ആഘോഷിച്ചത്
ആ സിക്സർ പറന്നത് സ്റ്റേഡിയം കടന്ന് 121 മീറ്റർ അകലെ; 39ാം വയസിലും ​മാരകമാണ് ​ഗെയ്‌ലാട്ടം

ബാര്‍ബഡോസ്: വിശേഷണങ്ങൾ അധികം ആവശ്യമില്ല ക്രിസ് ​ഗെയ്‌ലിന്. ബാറ്റെടുത്താൽ ഫോറിനേക്കാൾ അധികം സിക്സർ തൂക്കുന്ന ​ഗെയ്‌ലാട്ടം 39ാം വയസിലും നിർബാധം തുടരുകയാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിന്‍ഡീസ് ടീമില്‍ തിരിച്ചെത്തിയ ക്രിസ് ഗെയ്‌ല്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായാണ് കഴിഞ്ഞ ദിവസം അത് ആഘോഷിച്ചത്. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ സെഞ്ച്വറി അടിച്ചായിരുന്നു ഗെയ്‌ല്‍ താണ്ഡവം. ഗെയ്‌ലിന്‍റെ ഏകദിന കരിയറിലെ 24ാം സെഞ്ച്വറിയാണ് ബാര്‍ബഡോസില്‍ പിറന്നത്. 129 പന്തില്‍ 12 സിക്‌സുകള്‍ സഹിതം 135 റണ്‍സാണ് താരം നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകളെന്ന റെക്കോർ‍ഡും മത്സരത്തിൽ ​ഗെയ്ൽ സ്വന്തമാക്കി. മുൻ പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ റെക്കോർഡാണ് ​ഗെയ്ൽ തിരുത്തിയത്. 

പല പന്തുകളും വീണത് സ്റ്റേഡിയത്തിന്‍റെ പുറത്താണ്. ഇതിലൊരു സിക്‌സര്‍ സ്റ്റേഡിയവും കടന്ന് 121 മീറ്റര്‍ ദൂരെയെത്തി. ലിയാം പ്ലംകെറ്റ് എറിഞ്ഞ 27ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ഗെയ്‌ല്‍ പന്ത് സ്റ്റേഡിയത്തിന്‍റെ പുറത്തേക്ക് പായിച്ചത്. ഈ ഓവറില്‍ 15 റണ്‍സ് നേടുകയും ചെയ്തു. ഗെയ്‌ലിന്‍റെ വമ്പനടികള്‍ സ്റ്റേഡിയം കടന്ന് പോയതോടെ അംപയര്‍മാര്‍ ഇടയ്‌ക്കിടയ്ക്ക് പുതിയ പന്തുകള്‍ എടുക്കുന്നതും സ്റ്റേഡിയത്തിലെ വേറിട്ട കാഴ്‌ചയായി. മുന്‍പും 100 മീറ്ററിലധികം ദൂരത്തില്‍ ഗെയ്‌ലിന്‍റെ നിരവധി സിക്‌സുകള്‍ പിറന്നിട്ടുണ്ട്.

എന്നാല്‍ ക്രിസ് ഗെയ്‌ല്‍ തിളങ്ങിയെങ്കിലും ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനോട് വിന്‍ഡീസ് ആറ് വിക്കറ്റിന്‍റെ തോൽവി വഴങ്ങി. വിൻഡീസ് ഉയർത്തിയ 361 റൺസ് വിജയ ലക്ഷ്യം എട്ട് പന്ത് ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു. ജേസൺ റോയ് (123), ജോ റൂട്ട് (102) എന്നിവരുടെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് തുണയായത്. ക്യാപ്റ്റൻ ഇയാൻ മോർഗൻ അർധ സെഞ്ച്വറി നേടി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.

ലോകകപ്പോടെ ഏകദിന ക്രിക്കറ്റിനോട് വിട പറയുമെന്ന് ടീമിലേക്ക് മടങ്ങിയെത്തുന്നതിന് മുന്നോടിയായി ​ഗെയ്ൽ പ്രഖ്യാപിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com