ഉരുളയ്ക്കുപ്പേരി സാമ്പാർ മറുപടി; കളത്തിലിറങ്ങും മുൻപ് തന്നെ ട്രോൾ പോരാട്ടം തുടങ്ങി

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ആവേശപ്പോരാട്ടത്തിന് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സാമൂഹിക മാധ്യമങ്ങളിൽ ടീമുകൾ തമ്മിലുള്ള പോരാട്ടം കനക്കുന്നു
ഉരുളയ്ക്കുപ്പേരി സാമ്പാർ മറുപടി; കളത്തിലിറങ്ങും മുൻപ് തന്നെ ട്രോൾ പോരാട്ടം തുടങ്ങി

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ആവേശപ്പോരാട്ടത്തിന് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സാമൂഹിക മാധ്യമങ്ങളിൽ ടീമുകൾ തമ്മിലുള്ള പോരാട്ടം കനക്കുന്നു. റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരാണ് ഇതിന് തുടക്കമിട്ടിരിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ എതിരാളികളായി എത്തുന്ന നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിനെയാണ് ആർസിബി ട്രോളിയത്. എന്നാൽ ഉരുളയ്ക്ക് ഉപ്പേരിയായി ചെന്നൈ ടീമിന്റെ മറുപടിയും എത്തി. 

പിന്നീട് ഏറ്റുമുട്ടിയത് കിങ്സ് ഇലവൻ പഞ്ചാബും രാജസ്ഥാൻ റോയൽസും തമ്മിലായിരുന്നു. രാജസ്ഥാന്റെ പുതിയ ജേഴ്സി നിറത്തെ പഞ്ചാബ് ട്രോളിയപ്പോൾ ചരിത്രം ഓർമ്മപ്പെടുത്തിയായിരുന്നു റോയൽസിന്റെ മറുപടി. 

റോയല്‍ ചലഞ്ചേഴ്‌സ് ബാം​ഗ്ലൂരിന്റെ ട്വീറ്റിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊടുത്ത മറുപടി നല്ലൊരു സിക്‌സിനേക്കാള്‍ ആവേശമുള്ളതായി മാറി. തുടക്കക്കാര്‍ക്കായി ഒരു സ്‌പൈസി സൗത്ത് ഇന്ത്യന്‍ ഡെര്‍ബി. പക്ഷേ, ഞങ്ങള്‍ക്ക് പ്രിയം സ്വാദൂറുന്ന സാമ്പാറാണ് എന്നായിരുന്നു ആര്‍സിബിയുടെ ട്വീറ്റ്. സാമ്പാറിന്റെ നിറം എന്നും മഞ്ഞയാണ് എന്നായിരുന്നു മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മറുപടി.

മാര്‍ച്ച് 25ന് രാജസ്ഥാനെതിരെയാണ് കിങ്സ് ഇലവന്‍ പ‍ഞ്ചാബിന്റെ ആദ്യ മത്സരം. പുതിയ സീസണിലെ രാജസ്ഥാന്റെ പിങ്ക് ജേഴ്സിയെ കുറിച്ചിട്ട ട്വീറ്റിനെ പരാമര്‍ശിച്ചായിരുന്നു പ‍ഞ്ചാബിന്റെ ട്രോള്‍. പിങ്ക് ജേഴ്സിയൊക്കെ ആയെങ്കിലും കളി കഴിയുമ്പോള്‍ രാജസ്ഥാന്റെ മുഖം ചുവക്കാതിരുന്നാല്‍ മതിയെന്നായിരുന്നു ആദ്യ മത്സരത്തെക്കുറിച്ച് പഞ്ചാബിന്റെ ട്വീറ്റ്. എന്നാല്‍ പഞ്ചാബ് ഇതുവരെ ജയ്പൂരില്‍ ജയിച്ചിട്ടില്ലെന്ന ചരിത്രം ഓര്‍മിപ്പിച്ചായിരുന്നു രാജസ്ഥാന്റെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com