പാക്കിസ്ഥാനെ വിലക്കണമെന്ന് പറയാൻ സാധിക്കില്ല; മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിക്കാം; വാർത്തകൾ തള്ളി ബിസിസിഐ

മെയ് അവസാനം ഇം​ഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകാൻ തീരുമാനിച്ചതായുള്ള വാർത്തകൾ തള്ളി ബിസിസിഐ
പാക്കിസ്ഥാനെ വിലക്കണമെന്ന് പറയാൻ സാധിക്കില്ല; മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിക്കാം; വാർത്തകൾ തള്ളി ബിസിസിഐ

മുംബൈ: മെയ് അവസാനം ഇം​ഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകാൻ തീരുമാനിച്ചതായുള്ള വാർത്തകൾ തള്ളി ബിസിസിഐ. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യം മുൻ താരങ്ങളടക്കമുള്ളവർ മുന്നോട്ടുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാനെ വിലക്കണമെന്ന ആവശ്യവുമായി ഇന്ത്യ ഐസിസിയെ സമീപിക്കാനൊരുങ്ങുന്നതായുള്ള വാർത്തകൾ വന്നത്. 

പാക്കിസ്ഥാനെ വിലക്കുവാന്‍ തങ്ങള്‍ ഐസിസിക്ക് ഒരു കത്തും കൈമാറിയിട്ടില്ലെന്ന് ഒരു ബിസിസിഐ വക്താവ് വെളിപ്പെടുത്തി. ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ കളിക്കാതിരിക്കാമെന്ന് തീരുമാനിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പാക്കിസ്ഥാനെ കളിപ്പിക്കരുതെന്ന് പറയുവാനുള്ള അവകാശമില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ജൂണ്‍ 16നു നടക്കുന്ന ലോകകപ്പിലെ ഇന്ത്യ പാക് മത്സരത്തെക്കുറിച്ച് തീരുമാനം പിന്നീട് മാത്രമേ എടുക്കുകയുള്ളുവെന്നും വക്താവ് അറിയിച്ചു. 

ഐസിസിയുടെ ഭരണഘടന അനുസരിച്ച് അംഗങ്ങളായ രാജ്യങ്ങള്‍ക്ക് ഐസിസിയുടെ മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള യോഗ്യതയുണ്ട്, അതിനു അവര്‍ യോഗ്യത മാത്രമാണ് നേടേണ്ടത്. ഒരു രാജ്യത്തിനു മറ്റൊരു രാജ്യത്തിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെടാനാകില്ലെന്നും ബിസിസിഐ അറിയിച്ചു. നേരത്തെ ബിസിസിഐ ഒരു ഉന്നതാധികാരി ഇന്ത്യ ഇങ്ങനെ കുറിപ്പ് നല്‍കിയാലും മറ്റു രാജ്യങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചേക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു.

ഈ ആവശ്യം ഇന്ത്യയ്ക്ക് ഏപ്രിലില്‍ നടക്കുന്ന പൊതുയോഗത്തില്‍ ഉന്നയിക്കാമെങ്കിലും ഇന്ത്യയ്ക്ക് ഇപ്പോള്‍ ഐസിസി ബോര്‍ഡില്‍ മുന്‍തൂക്കം ഇല്ല. അതിനാല്‍ തന്നെ വോട്ടിനിട്ടാല്‍ ഈ ആവശ്യം പരാജയപ്പെട്ടേക്കാം. കൂടാതെ 2021 ചാമ്പ്യന്‍സ് ട്രോഫി, 2023 ലോകകപ്പ് എന്നീ മത്സരങ്ങളുടെ ആതിഥേയത്വത്തിനു ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഈ നീക്കങ്ങള്‍ തിരിച്ചടിയാകുമെന്നും ബിസിസിഐ അധികാരികള്‍ വ്യക്തമാക്കുന്നു. 

ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് ഐസിസിയോട് ബിസിസിഐ ആവശ്യപ്പെടുമെന്ന തരത്തിലാണ് നേരത്തെ വാർത്തകൾ പുറത്തുവന്നത്. സുപ്രീം കോടതി നിയമിച്ച വിനോദ് റായ് അധ്യക്ഷനായ ബിസിസിഐയുടെ ഇടക്കാല ഭരണസമിതി ഇതിനായി അപേക്ഷ തയ്യാറാക്കി എന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിനോദ് റായ്‌യുടെ അംഗീകാരത്തോടെ ബിസിസിഐ സിഇഒ രാഹുല്‍ ജോ്ഹ്റിയുടെ ഓഫീസാണ് കത്ത് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com