ആട്ടവും പാട്ടുമൊന്നും ഇത്തവണ വേണ്ട; ആ പണം വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് 

ഇന്ത്യൻ പ്രീമിയർ ലീ​ഗ് പോരാട്ടങ്ങൾ മാർച്ച് 23മുതൽ തുടങ്ങാനിരിക്കെ വർണ ശബളമായ ഉദ്ഘാടനച്ചടങ്ങുകൾ വേണ്ടെന്ന് വച്ച് ബിസിസിഐ
ആട്ടവും പാട്ടുമൊന്നും ഇത്തവണ വേണ്ട; ആ പണം വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് 

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് പോരാട്ടങ്ങൾ മാർച്ച് 23മുതൽ തുടങ്ങാനിരിക്കെ വർണ ശബളമായ ഉദ്ഘാടനച്ചടങ്ങുകൾ വേണ്ടെന്ന് വച്ച് ബിസിസിഐ. വൻ തുക‌ ചെലവഴിച്ചാണ് ഓരോ സീസണിലും ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിക്കാറുള്ളത്. ചടങ്ങുകളിൽ ബോളിവുഡ് താരങ്ങളടക്കമുള്ളവരുടെ പരിപാടികളും ഉണ്ടാകാറുണ്ട്. എന്നാൽ ഈ വർഷം നടക്കാനിരിക്കുന്ന ഐപിഎൽ പന്ത്രണ്ടാം സീസണിൽ ഉദ്ഘാടനച്ചടങ്ങുണ്ടാകില്ല. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ചീഫ് വിനോദ് റായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഉദ്ഘാടനച്ചടങ്ങിന് വേണ്ടി ചെലവഴിക്കാൻ ഉദ്ദേശിച്ചിരുന്ന തുക പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് നൽകാൻ ബിസിസിഐ തീരുമാനിച്ചതോടെയാണ് ഉദ്ഘാടന പരിപാടികൾ വേണ്ടെന്ന് വച്ചത്. എല്ലാ സീസണുകളിലും വൻ തുക ചെലവഴിച്ചാണ് ഐപിഎൽ ഉദ്ഘാടനം നടത്താറുള്ളത്. കഴിഞ്ഞ വർഷം 20 കോടി രൂപയാണ് ഇതിനായി ബിസിസിഐ ചെലവഴിച്ചത്. 

മാർച്ച് 23നാണ് ഐപിഎൽ 12ാം അധ്യായത്തിന് തുടക്കമാകുന്നത്. ആദ്യ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com