പ്രതിരോധം മാത്രമല്ല , അടിച്ചുപറത്താനും അറിയാം ;  61 പന്തിൽ കന്നി ട്വന്റി-20 സെഞ്ച്വറിയുമായി ചേതേശ്വർ പൂജാര

61 പന്തിൽ 14 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് പൂജാരയുടെ സെഞ്ച്വറി
പ്രതിരോധം മാത്രമല്ല , അടിച്ചുപറത്താനും അറിയാം ;  61 പന്തിൽ കന്നി ട്വന്റി-20 സെഞ്ച്വറിയുമായി ചേതേശ്വർ പൂജാര

ഇൻഡോർ : ടെസ്റ്റ് ക്രിക്കറ്റിന് മാത്രം ചേരുന്ന താരമെന്ന മോശപ്പേര് മാറ്റിയെഴുതിയിരിക്കുകയാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലെ വിശ്വസ്തൻ. ട്വന്റി-20യിൽ 61 പന്തിൽ സെഞ്ച്വറി നേടിയാണ് ചേതേശ്വർ പൂജാര പഴയ പേര് മാറ്റിയെഴുതിയത്. ഐപിഎല്ലിന്റെ  പുതിയ പതിപ്പിലേക്ക് ആഴ്ചകൾ മാത്രമുള്ളപ്പോൾ, ഇതേ ലീഗ് നിഷ്കരുണം കൈവിട്ട ചേതേശ്വർ പൂജാരയ്ക്കിത് മധുര പ്രതികാരം കൂടിയാണ്. 

61 പന്തിൽ 14 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് പൂജാരയുടെ സെഞ്ച്വറി. റെയിൽവേസിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ട്രോഫിയിലാണ് സൗരാഷ്ട്രയ്ക്കായി പൂജാരയുടെ തകർപ്പൻ പ്രകടനം. പൂജാരയുടെ കരുത്തിൽ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയ്ക്കായി ഓപ്പണറുടെ റോളിലാണ് പൂജാര എത്തിയത്. ഹാർവിക് ദേശായിയായിരുന്നു സഹ ഓപ്പണർ.

ഇൻഡോർ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ, ആദ്യ പന്തു മുതൽ ഇന്നിങ്സിലെ അവസാന പന്തുവരെ ക്രീസിൽ നിന്നാണ് പുറത്താകാതെ കന്നി ട്വന്റി20 സെഞ്ച്വറി കുറിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ദേശായിക്കൊപ്പം 85 റൺസിന്റെ കൂട്ടുകെട്ട് തീർത്ത് സൗരാഷ്ട്ര ഇന്നിങ്സിന് അടിത്തറയിട്ട പൂജാര, രണ്ടാം വിക്കറ്റിൽ റോബിൻ ഉത്തപ്പയ്ക്കൊപ്പം മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ടും സ്ഥാപിച്ചു. വെറും 53 പന്തിലാണ് പൂജാര – ദേശായി സഖ്യം 85 റൺസെടുത്തത്.

24 പന്തിൽ ആറു ബൗണ്ടറി സഹിതം 34 റൺസെടുത്ത് ദേശായി പുറത്തായതിനു ശേഷം ഉത്തപ്പയ്ക്കൊപ്പം 82 റൺസാണ് പൂജാര കൂട്ടിച്ചേർത്തത്. അതും വെറും 57 പന്തിൽനിന്ന്. ഉത്തപ്പ 31 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 46 റൺസെടുത്ത് പുറത്തായി. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തെങ്കിലും സൗരാഷ്ട്ര, റെയിൽവേസിനോടു തോറ്റു. രണ്ടു പന്തുകൾ ബാക്കനിൽക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് റെയിൽവേസ് വിജയലക്ഷ്യം മറികടന്നത്.

മറുപടി ബാറ്റിങ്ങിൽ ഒരു അർധസെഞ്ചുറി പോലും ഉണ്ടായില്ലെങ്കിലും റെയിൽവേസ് രണ്ടു പന്തു ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു.  36 പന്തിൽ 73 റൺസെടുത്ത് റെയിൽവേസിനു തകർപ്പൻ തുടക്കം സമ്മാനിച്ച മൃണാൾ ദേവ്ധർ – പ്രതാം സിങ് സഖ്യമാണ് വിജയത്തിന് അടിത്തറയിട്ടത്. ദേവ്ധർ 20 പന്തിൽ 49 റൺസെടുത്തും പ്രതാം സിങ് 30 പന്തിൽ 40 റൺസെടുത്തും പുറത്തായി. പിന്നീട് അഭിനവ് ദീക്ഷിത് (30 പന്തിൽ പുറത്താകാതെ 37), ആശിഷ് യാദവ് (16 പന്തിൽ 24), ഹർഷ് ത്യാഗി (ഏഴു പന്തിൽ പുറത്താകാതെ 16) എന്നിവർ ചേർന്ന് റെയിൽവേസിനെ വിജയത്തിലെത്തിച്ചു.ഇക്കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ പൂജാരയുടെ പേരുണ്ടായിരുന്നെങ്കിലും താരത്തെ വാങ്ങാൻ ഒരു ടീമും തയാറായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com