ബാറ്റിങിൽ മങ്ങി, ബൗളിങിൽ മിന്നി; ഇം​ഗ്ലീഷ് വനിതകളെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ

ഇം​ഗ്ലണ്ട് വനിതകൾക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം
ബാറ്റിങിൽ മങ്ങി, ബൗളിങിൽ മിന്നി; ഇം​ഗ്ലീഷ് വനിതകളെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ

മുംബൈ: ഇം​ഗ്ലണ്ട് വനിതകൾക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം. ബാറ്റിങ്ങിലെ പിഴവ് ബൗളിങ്ങില്‍ തിരുത്തിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. 66 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ജയത്തോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1- 0 ന് മുന്നിലെത്തി.

മുംബൈ വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഇന്ത്യയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ 49.4 ഓവറില്‍ 202 റണ്‍സിന് പുറത്താക്കിയിരുന്നു. ജയം തേടിയിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ 41 ഓവറില്‍ 136 റണ്‍സില്‍ ഒതുക്കി. നാല് വിക്കറ്റെടുക്ക എക്താ ബിഷ്ടാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. എക്തയാണ് കളിയിലെ താരവും.

44 റണ്‍സെടുത്ത നതാലി സിവറും 39 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. നാലാം വിക്കറ്റില്‍ ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇംഗ്ലണ്ട് നിരയില്‍ മൂന്നുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ജമീമ റോഡ്രിഗസും (48) സ്മൃതി മന്ധാനയും (24) ഓപണിങ് വിക്കറ്റില്‍ 69 റണ്‍സ് ചേര്‍ത്തു. ക്യാപ്റ്റന്‍ മിതാലി രാജ് 74 പന്തില്‍ നിന്ന് 44 റണ്‍സെടുത്തു. ജുലന്‍ ഗോസ്വാമി 30 ഉം തനിയ ഭാട്യ 25 ഉം റണ്‍സെടുത്തു.

ഒരു ഘട്ടത്തില്‍ അഞ്ചിന് 95 എന്ന നിലയിലായ ഇന്ത്യയെ ആറാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത ക്യാപ്റ്റന്‍ മിതാലി രാജ്, തനിയ ഭാട്യ സഖ്യമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. അവസാന ഓവറുകളില്‍ 37 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 30 റണ്‍സെടുത്ത് ജുലന്‍ ഗോസ്വാമി നടത്തിയ ഒറ്റയാള്‍ പോരാട്ടം ഇന്ത്യൻ സ്കോർ 200 കടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com