50 ഓവറിലല്ല 278! ട്വന്റി20യില്‍ ഞെട്ടിച്ച് അഫ്ഗാനിസ്ഥാന്‍, റെക്കോര്‍ഡുകള്‍ പലതും ഇങ്ങെടുത്തിട്ടുമുണ്ട്‌

ലോക ക്രിക്കറ്റിലെ കുഞ്ഞന്മാര്‍ തകര്‍ത്തടിക്കുകയായിരുന്നു ഡെറാഡൂണിലെ ദൂന്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയത്തില്‍
50 ഓവറിലല്ല 278! ട്വന്റി20യില്‍ ഞെട്ടിച്ച് അഫ്ഗാനിസ്ഥാന്‍, റെക്കോര്‍ഡുകള്‍ പലതും ഇങ്ങെടുത്തിട്ടുമുണ്ട്‌

ട്വന്റി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍...ട്വന്റി20യില്‍ ഒരു ഏഷ്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍...അയര്‍ലാന്‍ഡിനെതിരായ രണ്ടാം ട്വന്റി20യില്‍ അഫ്ഗാനിസ്ഥാന്‍ തീര്‍ത്ത റെക്കോര്‍ഡുകളെ കുറിച്ചാണ് പറഞ്ഞു വരുന്നത്...ലോക ക്രിക്കറ്റിലെ കുഞ്ഞന്മാര്‍ തകര്‍ത്തടിക്കുകയായിരുന്നു ഡെറാഡൂണിലെ ദൂന്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയത്തില്‍.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ അഫ്ഹാനിസ്ഥാന്‍ തിരിച്ചു കയറിയത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കുറിച്ച് ലോകത്തെ ഞെട്ടിച്ചായിരുന്നു. ഓപ്പണര്‍ ഹസ്‌റത്തുള്ള സസായിയാണ് ഒരു രക്ഷയുമില്ലാത്ത വിധം തകര്‍ത്തു കളിച്ചത്. 

62 പന്തില്‍ നിന്നും 11 ഫോറും 16 സിക്‌സും പറത്തി ഹസ്‌റത്തുള്ള 162 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. ഒരു ഏഷ്യന്‍ ബാറ്റ്‌സ്മാന്‍ ട്വന്റി20യില്‍ നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഇത്. ശ്രീലങ്കയ്‌ക്കെതിരെ ട്വന്റി20യില്‍ ഓസ്‌ട്രേലിയ നേടിയ 263 റണ്‍സായിരുന്നു ഇതുവരെ ട്വന്റി20യിലെ ഉയര്‍ന്ന ടീം സ്‌കോര്‍. 

ട്വന്റി20യിലെ ഉയര്‍ന്ന കൂട്ടുകെട്ടും അഫ്ഗാന്‍ താരങ്ങള്‍ തങ്ങളുടെ പേരിലാക്കി. 236 റണ്‍സിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പാണ് ഹസ്‌റത്തുള്ള സസായിയും ഉസ്മാന്‍ ഖാനിയും ചേര്‍ന്ന് തീര്‍ത്തത്. അഫ്ഗാന്‍ ഇന്നിങ്‌സിന്റെ 17ാം ഓവറില്‍ മാത്രമാണ് ആദ്യ വിക്കറ്റ് വീണത്. 

ട്വന്റി20യില്‍ ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുന്ന താരമെന്ന റെക്കോര്‍ഡും ഹസ്‌റത്തുള്ള സ്വന്തമാക്കുന്നു. 16 വട്ടമാണ് ബൗണ്ടറി ലൈന്‍ തൊടാതെ പന്ത് ഹസ്‌റത്തുള്ള അടിച്ചു പറത്തിയത്. ട്വന്റി20യിലെ രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഹസ്‌റത്തുള്ള കുറിച്ചത്. 42 പന്തില്‍ സെഞ്ചുറി കുറിച്ച് ട്വന്റി20യിലെ വേഗമേറിയ സെഞ്ചുറികളില്‍ മൂന്നാമതും അതെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com