അടിച്ചൊതുക്കി ഹെറ്റ്മയർ, എറിഞ്ഞ് വീഴ്ത്തി കോട്രെൽ; കരീബിയൻസ് റിട്ടേൺസ്

അടിച്ചൊതുക്കി ഹെറ്റ്മയർ, എറിഞ്ഞ് വീഴ്ത്തി കോട്രെൽ; കരീബിയൻസ് റിട്ടേൺസ്

ബ്രിജ്ടൗൺ: ആദ്യ പോരിൽ മികച്ച സ്കോർ നേടി പ്രതിരോധിക്കാൻ മറന്ന വെസ്റ്റിൻഡീസ് രണ്ടാം പോരാട്ടത്തിൽ വിജയം കണ്ടു. ഇം​ഗ്ലണ്ടിനെതിരായ ഏക​ദിന പോരാട്ടത്തിലെ രണ്ടാം മത്സരത്തിൽ വിൻഡീസ് 26 റൺസിനാണ് വിജയിച്ചത്. ഇതോടെ അഞ്ച് മത്സങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1-1ന് മുന്നിൽ. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു. ഇംഗ്ലണ്ടിന്റെ മറുപടി 47.4 ഓവറിൽ 263 റൺസിന് അവസാനിപ്പിക്കാൻ കരീബിയൻ ബൗളർമാർക്ക് സാധിച്ചു. 

ബാറ്റിങ്ങിൽ ഷിംറോൺ ഹെറ്റ്മയറിന്റെ നാലാം സെഞ്ച്വറിയും ഓപണർ ക്രിസ് ഗെയ്‍ലിന്റെ 50ാം അർധ സെഞ്ച്വറിയുമാണ് വിൻഡീസിന് കരുത്തായത്. കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവുമായി പേസ് ബൗളർ ഷെൽഡൺ കോട്രെൽ കുന്തമുനയായതോടെ കാര്യങ്ങൾ വിൻഡീസിന്റെ വഴിക്ക് വന്നു. ഒൻപത് ഓവറിൽ 46 റൺസ് വഴങ്ങിയാണ് കോട്രെൽ കന്നി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റ് പിഴുത ക്യാപ്റ്റൻ ജേസൺ ഹോൾഡർ കോട്രെല്ലിന് മികച്ച പിന്തുണ നൽകി. ഹെറ്റ്മയറാണ് കളിയിലെ കേമൻ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിന് അർധ സെഞ്ച്വറി കൂട്ടുകെട്ടുമായി മികച്ച തുടക്കമാണ് ഓപണർമാരായ ക്രിസ് ഗെയ്‍ലും ജോൺ കാംബലും ചേർന്നു സമ്മാനിച്ചത്. 12.1 ഓവർ ക്രീസിൽനിന്ന ഇരുവരും 61 റൺസ് കൂട്ടിച്ചേർത്താണ് വേർപിരിഞ്ഞത്. പതിവുപോലെ പതുക്കെ തുടങ്ങിയ ഗെയ്‍ൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയെങ്കിലും പതിവു വേഗത്തിലെത്തും മുൻപേ പുറത്തായി. 63 പന്തിൽ ഒരു ബൗണ്ടറിയും നാലു സിക്സും സഹിതം 50 റൺസാണ് ഗെയ്‍ലിന്റെ സംഭാവന. 

പിന്നീട് ബാറ്റിങ്ങിന്റെ ഉത്തരവാദിത്വം തോളേറ്റിയ ഷിംറോൺ ഹെറ്റ്മയർ വിൻഡീസിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. 83 പന്തിൽ ഏഴ് ബൗണ്ടറിയും നാല് സിക്സും സഹിതം 104 റൺസെടുത്ത ഹെറ്റ്മയർ പുറത്താകാതെ നിന്നു. ജോൺ കാംബൽ (23), ഷായ് ഹോപ്പ് (33), ഡാരൻ ബ്രാവോ (25), കാർലോസ് ബ്രാത്‌വയ്റ്റ് (13), ആഷ്‍ലി നഴ്സ് (13) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇംഗ്ലണ്ടിനായി മാർക്ക് വുഡ്, ലിയാം പ്ലങ്കറ്റ്, ബെൻ സ്റ്റോക്സ്, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനു തുടക്കത്തിലേ പിഴച്ചു. സ്കോർ ബോർഡിൽ ഒരു റൺ മാത്രമുള്ളപ്പോൾ ജോണി ബെയർസ്റ്റോ പുറത്തായി. കോട്രെല്ലിന് വിക്കറ്റ്. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ശതകവുമായി ഇംഗ്ലണ്ടിന് ഉജ്ജ്വല തുടക്കം സമ്മാനിച്ച ജേസൺ റോയിയെ മൂന്നാം ഓവറിൽ കോട്രൽ തന്നെ മടക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങി.

അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഇയാൻ മോർഗൻ (70), ബെൻ സ്റ്റോക്സ് (79) എന്നിവർക്കൊപ്പം ജോ റൂട്ട് (36), ജോസ് ബട‌്‌ലർ (34) എന്നിവരും പൊരുതി നോക്കിയെങ്കിലും വിൻഡീസ് വിട്ടുകൊടുത്തില്ല. ഒടുവിൽ 14 പന്തു ബാക്കിനിൽക്കെ വിജയത്തിന് 26 റൺസ് അകലെ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com