എന്തൊരു മനുഷ്യനെന്ന് വീണ്ടും വീണ്ടും ചോദിച്ചു പോകും; അടിച്ചു കയറ്റിയത് 50ാം ഹാട്രിക്കും

എന്തൊരു മനുഷ്യനെന്ന് വീണ്ടും വീണ്ടും ചോദിച്ചു പോകും; അടിച്ചു കയറ്റിയത് 50ാം ഹാട്രിക്കും

16 അടി അകലെ നിന്നും തകര്‍പ്പന്‍ വോളിയിലൂടെ ആദ്യം സമനില കൊണ്ടേത്തന്നു. ബോക്‌സിന്റെ എഡ്ജില്‍ നിന്നും കര്‍ലിങ് ഷോട്ടിലൂടെ വീണ്ടും സമനില നേടിത്തരുന്നു. സെവിയ ഗോളി തോമസ് വാക്ലിക്കിനെ ചിപ് ചെയ്ത് മൂന്നാം വട്ടവും ഗോള്‍ വല കുലുക്കി. ഇത്തവണ സമനിലയല്ല, ലീഡ്. 50ാം ഹാട്രിക് മെസിയുടെ മാന്ത്രീക കാലുകളില്‍ നിന്നും വിരിഞ്ഞപ്പോള്‍ ലാലീഗയില്‍ സെവിയയ്‌ക്കെതിരെ ബാഴ്‌സയ്ക്ക് ജയം. 

രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജയം പിടിച്ചാണ് ലാലീഗയിലെ ലീഡ് കാറ്റാലന്‍സ് ഉയര്‍ത്തുന്നത്. ഇഞ്ചുറി ടൈമില്‍ സുവാരസ് കൂടി ഗോള്‍ വല ചലിപ്പിച്ചെങ്കിലും വണ്‍ മാന്‍ ഷോയായിരുന്നു കളിക്കളത്തില്‍. ഫോമില്‍ അല്ലാത്ത സെവിയ്യ ആദ്യ പകുതിയില്‍ തന്നെയാണ് രണ്ട് വട്ടം ബാഴ്‌സയെ പ്രഹരിച്ചത്. 

എന്നാല്‍ മുപ്പത്തിയൊന്നാം വയസിലും കളിക്കളത്തിലെ പോര് അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് മെസി പന്ത് തട്ടുമ്പോള്‍ ബാഴ്‌സ ഒരിക്കല്‍ കൂടി ജയം പിടിച്ചു. സീസണിലെ മെസിയുടെ ലാലീഗയിലെ ഗോള്‍ നേട്ടം 25ലേക്കെത്തി. 13 ഗോളോടെ ജിറോണയുടെ സ്റ്റുവാനിയാണ് മെസിക്ക് പിന്നില്‍. 

സീസണില്‍ 32 മത്സരങ്ങളില്‍ നിന്ന് 33 ഗോളും മെസി നേടി. അതിലാറ് ചാമ്പ്യന്‍സ് ലീഗിലാണ്. സെവിയയ്‌ക്കെതിരായ മൂന്നാം ഗോളോടെ കരിയറിലെ ഗോള്‍ നേട്ടം മെസി 650 എന്ന സംഖ്യ തൊടിയിച്ചു. 585 ഗോളുകള്‍ ബാഴ്‌സയ്ക്ക് വേണ്ടിയും 65 ഗോളുകള്‍ അര്‍ജന്റീനയ്ക്ക് വേണ്ടിയും. 

22ാം മിനിറ്റില്‍ സെവിയ ഗോള്‍ വല കുലുക്കിയപ്പോള്‍ 26ാം മിനിറ്റില്‍ റാക്കിടിച്ചിന്റെ ക്രോസില്‍ ഇടംകാല്‍ കൊണ്ട് പറത്തിയ വോളിയിലൂടെ മെസി ആദ്യം ആരാധകരെ ആവേശത്തിലാക്കി. ഡംബെലെയുടെ പാസില്‍ നിന്നും വലത് കാല്‍ കൊണ്ടുള്ള കര്‍ലിങ് ഷോട്ടാണ് രണ്ടാം വട്ടം വലചലിപ്പിച്ചത്. അലെനയുടെ ഷോട്ട് ബ്ലോക്ക് ചെയ്തതിന് ശേഷം സെവിയ ഗോള്‍ കീപ്പറെ നിസഹായനാക്കിയാണ് മെസിയുടെ മൂന്നാം ഗോള്‍ പിറന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com