ആവേശം അവസാന പന്ത് വരെ; വിജയം കനിഞ്ഞത് ഓസ്‌ട്രേലിയയെ; കൈയിൽ കിട്ടിയത് കളഞ്ഞ്കുളിച്ച് ഇന്ത്യ

ജയ പരാജയ പ്രതീക്ഷകള്‍ മാറിമറിഞ്ഞ ആവേശപ്പോരില്‍ ഇന്ത്യയെ കീഴടക്കി ഓസ്‌ട്രേലിയ പര്യടനത്തിന് വിജയത്തോടെ തുടക്കമിട്ടു
ആവേശം അവസാന പന്ത് വരെ; വിജയം കനിഞ്ഞത് ഓസ്‌ട്രേലിയയെ; കൈയിൽ കിട്ടിയത് കളഞ്ഞ്കുളിച്ച് ഇന്ത്യ

വിശാഖപട്ടണം: ജയ പരാജയ പ്രതീക്ഷകള്‍ മാറിമറിഞ്ഞ ആവേശപ്പോരില്‍ ഇന്ത്യയെ കീഴടക്കി ഓസ്‌ട്രേലിയ പര്യടനത്തിന് വിജയത്തോടെ തുടക്കമിട്ടു. ഇന്ത്യക്കെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 126 റണ്‍സിലൊതുക്കിയ ഓസീസ് വിജയത്തിനാവശ്യമായ 127 റണ്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.

അനായാസ സ്‌കോറിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായി. മാര്‍ക്ക് സ്‌റ്റോയിനിസ് ഒരു റണ്‍സിനും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഗോള്‍ഡന്‍ ഡക്കായും മടങ്ങിയത് ഓസീസിനെ ഞെട്ടിച്ചു. എന്നാല്‍ ഓപണര്‍ ഡിആര്‍സി ഷോട്ടിനൊപ്പം മാക്‌സ്‌വെല്‍ എത്തിയതോടെ ഓസീസ് ട്രാക്കിലായി. 

43 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും സഹിതം മാക്‌സ്‌വെല്‍ 56 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ഷോട്ട് 37 പന്തില്‍ 37 റണ്‍സെടുത്തു. 

ഇരുവരും പുറത്തായതോടെ ഇന്ത്യ വീണ്ടും കളിയില്‍ പിടിമുറുക്കി. 19ാം ഓവറില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ബുമ്‌റ ഇന്ത്യക്ക് വിജയ പ്രതീക്ഷ സമ്മാനിച്ചു. അവസാന ഓവറില്‍ ഓസീസിന് വിജയം 14 റണ്‍സ് അകലെയായിരുന്നു. ഉമേഷ് യാദവ് എറിഞ്ഞ ഈ ഓവറില്‍ പാറ്റ് കമ്മിന്‍സും ജെയ് റിച്ചാര്‍ഡ്‌സനും ചേര്‍ന്ന സഖ്യം 14 റണ്‍സ് കണ്ടെത്തി ഓസ്‌ട്രേലിയയെ വിജയ തീരത്തെത്തിക്കുകയായിരുന്നു. 

മൂന്ന് പന്തില്‍ ഓരോ ബൗണ്ടറികള്‍ സഹിതമാണ് ഇരുവരും ഏഴ് വീതം റണ്‍സെടുത്തത്. ഇന്ത്യക്കായി ബുമ്‌റ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. യുസ്‌വേന്ദ്ര ചഹല്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയെ (അഞ്ച്) നഷ്ടമായി. ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ കെഎല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി. 36 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം രാഹുല്‍ 50 റണ്‍സെടുത്ത് മടങ്ങി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 24 റണ്‍സെടുത്തു പുറത്തായി. പിന്നീട് ഇന്ത്യക്ക് തുടരെ വിക്കറ്റുകള്‍ വീണു. റിഷഭ് പന്ത് (മൂന്ന്), കാര്‍ത്തിക് (ഒന്ന്), ഹര്‍ദിക് പാണ്ഡ്യ (ഒന്ന്), ഉമേഷ് യാദവ് (രണ്ട്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോള്‍ എംഎസ് ധോണി 37 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നു. 

ഓസ്‌ട്രേലിയക്കായി കോള്‍ടര്‍ നെയ്ല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ബെഹ് രന്‍ഡോഫ്, ആദം സാംപ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. 

നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പഞ്ചാബുകാരനായ യുവ സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ടെ അരങ്ങേറ്റം കുറിച്ചു. മെയ് മാസത്തില്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിന്റെ ഡ്രസ് റിഹേഴ്‌സലായാണ് ഈ പരമ്പര കണക്കാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com