കണ്ണും-കയ്യും തമ്മിലുള്ള ഏകോപനം പോലും നഷ്ടമാകുന്നു; വിശാഖപട്ടണത്ത് തുറന്നു കാണിക്കപ്പെട്ട ധോനിയുടെ പോരായ്മകള്‍

തകര്‍പ്പന്‍ സ്ലാപ്പ് കട്ടുകളും, ലെഗ്‌സൈഡിലേക്ക് പറക്കുന്ന ഹീവ്‌സും ധോനിയുടെ ബാറ്റില്‍ നിന്നും ഇപ്പോള്‍ വിരിയുന്നില്ല
കണ്ണും-കയ്യും തമ്മിലുള്ള ഏകോപനം പോലും നഷ്ടമാകുന്നു; വിശാഖപട്ടണത്ത് തുറന്നു കാണിക്കപ്പെട്ട ധോനിയുടെ പോരായ്മകള്‍

വിശാഖപട്ടണത്തെ സാഹചര്യം അതായിരുന്നു. മൂന്ന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മാത്രം രണ്ടക്കം കടന്നിടത്ത് 37 പന്തില്‍ നിന്നും 29 റണ്‍സ് നേടിയ ധോനിയുടെ ഇന്നിങ്‌സിനെ കുറ്റം പറയുവാനാവില്ല. പക്ഷേ അവസാന പന്തിലേക്ക് വരെ ജയം പിടിക്കുവാനുള്ള അവസരം എത്തിയപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന ഘട്ടങ്ങളില്‍ ധോനി എടുക്കാതെ വിട്ട സിംഗിളുകളിലേക്കും, അടിക്കാതെ വിട്ട കൂറ്റന്‍ ഷോട്ടുകളിലേക്കും ആരാധകരുടെ ഓര്‍മ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ എല്ലാത്തിനേക്കാളും ആരാധകരെ ഞെട്ടിക്കുന്നത് അവരുടെ കണ്ണുകളിലേക്കെത്തിയ ധോനിയുടെ ബാറ്റിങ്ങിലെ താളപ്പിഴവുകളാണ്. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി20യിലെ മെല്ലെപ്പോക്ക് ഇന്നിങ്‌സ് സാഹചര്യത്തോട് ഇണങ്ങി നിന്ന് ധോനി കളിച്ചതാണെന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ ക്രീസില്‍ ബാലന്‍സോടെ നിലയുറപ്പിച്ച് നിന്ന് ഷോട്ടുതിര്‍ക്കാനുള്ള ധോനിയുടെ കഴിവ് പോലും നഷ്ടപ്പെട്ട് പോകുന്നതാണ് അവിടെ കണ്ടത്. ഒരു കാലത്ത് തന്റെ ശക്തിയായിരുന്ന ഷോട്ടുകള്‍ പോലും ഇപ്പോള്‍ കണക്ട് ചെയ്യാന്‍ ധോനിക്കാവുന്നില്ല. തകര്‍പ്പന്‍ സ്ലാപ്പ് കട്ടുകളും, ലെഗ്‌സൈഡിലേക്ക് പറക്കുന്ന ഹീവ്‌സും ധോനിയുടെ ബാറ്റില്‍ നിന്നും ഇപ്പോള്‍ വിരിയുന്നില്ല. 

ലെഗ് സൈഡിലെ ധോനിയുടെ ശൗര്യം മങ്ങുന്നതിന്റെ തെളിവ് ഇന്ത്യന്‍ ഇന്നിങ്‌സിലെ 19ാം ഓവറിലെ മൂന്നാം പന്തില്‍ കാണാം. പാറ്റ് കമിന്‍സിന്റെ ലൂസ് ബോള്‍. മിഡില്‍ സ്റ്റംപില്‍ കുത്തിയ പന്ത് മിഡ് വിക്കറ്റിലേക്കുള്ള ഷോട്ടിനായി പാകപ്പെടുമ്പോള്‍ സ്‌ക്വയര്‍ ലെഗിലേക്ക് എഡ്ജ് ചെയ്ത് ഇടാനാണ് ധോനിക്കായത്. വിശാഖപട്ടണത്തെ ധോനിയുടെ ഇന്നിങ്‌സില്‍ കണ്ടതില്‍ കൂടുതലും ഇതാണ്. ബോള്‍ കണക്ട് ആവാതെ മിസ് ചെയ്യുന്നു, അല്ലെങ്കില്‍ എഡ്ജ് ചെയ്യുന്നു. 

ക്രീസില്‍ ബാലന്‍സ് നഷ്ടപ്പെടുന്നതാണ് ഷോട്ടുതിര്‍ക്കുന്നതിലെ താളപ്പിഴകളുടെ മറ്റൊരു കാരണം. ക്രിസില്‍ നിലയുറപ്പിച്ച് നിന്നായിരുന്നു മുന്‍പ് ധോനി പറത്തിയ വമ്പന്‍ ഷോട്ടുകള്‍. തലയുടേയും ബാക്ക് ഫുട്ടിന്റേയും പൊസിഷനില്‍ വരുന്ന പ്രശ്‌നത്തോടെ ബാറ്റ് സ്വിങ് അതിന്റെ ഒഴുക്കില്‍ വരുന്നില്ല. അതിലേക്ക് കണ്ണും-കയ്യും തമ്മിലുള്ള കോര്‍ഡിനേഷന്റെ പോരായ്മ കൂടി എത്തുന്നതോടെ ധോനിയുടെ ക്രീസിലെ അവസ്ഥ വ്യക്തമാകുന്നു.

പ്രിയപ്പെട്ടവയായിരുന്ന സ്ലാപ് ഷോട്ടുകള്‍, ബാക്വേര്‍ഡ് പോയിന്റിലേക്കും, സ്വീപ്പറുകളിലൂടേയും തുടങ്ങി എവിടേക്ക് വേണമെങ്കിലും തന്റെ ഇഷ്ടത്തിന് ഷോട്ട് പായിക്കാന്‍ സാധിച്ചിരുന്ന ധോനിക്ക് വിശാഖപട്ടണത്ത് തേര്‍ഡ് മാനിലേക്ക് അടിച്ചിട്ട് സിംഗിള്‍ എടുത്ത് തൃപ്തിയടയേണ്ടി വന്നു. ധോനിയുടെ അവസാന നാളുകളുടെ സൂചന തന്നെയാണ് ഇത് നല്‍കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com