മൂന്ന് വിക്കറ്റ് കീപ്പര്‍മാരും, മൂന്ന് സ്പിന്നര്‍മാരും; ഇന്ത്യ തോറ്റത് ഇവര്‍ ഒരുക്കിയ കെണിയില്‍

വിശാഖപട്ടണത്ത് മൂന്ന് വിക്കറ്റ് കീപ്പര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇത് ടീമിന്റെ ബാലന്‍സിനെ ബാധിക്കുന്നു
മൂന്ന് വിക്കറ്റ് കീപ്പര്‍മാരും, മൂന്ന് സ്പിന്നര്‍മാരും; ഇന്ത്യ തോറ്റത് ഇവര്‍ ഒരുക്കിയ കെണിയില്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി20യില്‍ ഓസ്‌ട്രേലിയയ്ക്ക് അനയാന ജയം പിടിക്കാമായിരുന്നിടത്ത് നിന്നും കളി അവസാന പന്ത് വരെ എത്തിക്കുവാന്‍ ഇന്ത്യയ്ക്കായി. ഇന്ത്യയുടെ തോല്‍വിക്ക് ഒന്നില്‍ കൂടുതല്‍ കാരണങ്ങളുണ്ട്. രാഹുല്‍ ഒഴികെയുള്ള ബാറ്റ്‌സ്മാന്‍മാരുടെ തോല്‍വി, പന്തിന്റെ നിരുത്തരവാദപരമായ കളി, ധോനി എടുക്കാതെ വിട്ട എണ്ണം പറഞ്ഞ സിംഗിളുകള്‍...ഇവയ്‌ക്കൊപ്പം മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്, ടീം കോമ്പിനേഷന്‍. 

മൂന്ന് വിക്കറ്റ് കീപ്പര്‍മാരും മൂന്ന് സ്പിന്നര്‍മാരുമാണ് ഒരര്‍ഥത്തില്‍ ഇന്ത്യയുടെ തലവേദന. വിശാഖപട്ടണത്ത് മൂന്ന് വിക്കറ്റ് കീപ്പര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇത് ടീമിന്റെ ബാലന്‍സിനെ ബാധിക്കുന്നു. ഫീല്‍ഡിങ്ങ് നിലവാരത്തേയും ഇത് ബാധിക്കുമ്പോള്‍ ബൗൡങ് ഓപ്ഷനിലും പ്രശ്‌നം തീര്‍ക്കുന്നുണ്ട്. 

ഓസീസ് ഓപ്പണര്‍ ഷോര്‍ട്ടിനെ റണ്‍ഔട്ടാക്കുവാനുള്ള അവസരം പന്ത് കളഞ്ഞുകുളിച്ചത് തന്നെ ഇതിന് ഉദാഹരണമാണ്. ഈ മൂന്ന് വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ക്ക് പകരം വിജയ് ശങ്കറിനേയോ, കേദാര്‍ ജാദവിനേയോ ഉള്‍പ്പെടുത്തിയാല്‍ ടീമില്‍ ബാലന്‍സ് കൊണ്ടുവരുവാനാവും. 

കീവീസിനെതിരായ പരമ്പരയിലെ ഭേദപ്പെട്ട കളിയും, ഹര്‍ദിക്കിന്റെ പരിക്ക് ഭീഷണി ഉയരുന്നതും വിജയ് ശങ്കറിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ആവശ്യകതയിലേക്ക് ചൂണ്ടുന്നു. ഏകദിനത്തിലേത് പോലെ കളിയില്‍ സ്വാധീനം ചെലുത്താന്‍ ധോനിക്ക് ട്വന്റി20യില്‍ സാധിക്കുന്നില്ലെന്നതും വിഷയമാണ്. 

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ദിനേശ് കാര്‍ത്തിക്കിന് വലുതായൊന്നും ചെയ്യാനില്ലെന്ന് അവസ്ഥയാണ്. കീവീസ് പരമ്പരയില്‍ ഉള്‍പ്പെടെ ടാര്‍ഗറ്റ് എത്തിപ്പിടിക്കുന്നതില്‍ കാര്‍ത്തിക്കിന് പിഴച്ചിരുന്നു. എന്നാല്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുക്കാന്‍ ശേഷിയുള്ള റിഷഭ് പന്ത് പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുന്നത് ടീമിന് മുന്‍തൂക്കം നല്‍കും. മധ്യനിരയിലെ ഏക ഇടംകയ്യനുമാണ് പന്ത്.അങ്ങിനെ വരുമ്പോള്‍ സെലക്ടര്‍മാരുടെ ചിന്ത ഇതില്‍ ഒരു വിക്കറ്റ് കീപ്പറിലേക്ക് പോയാല്‍ പ്ലേയിങ് ഇലവനില്‍ അത് ബാലന്‍സ് കൊണ്ടുവരും. 

മൂന്ന് സ്പിന്നര്‍മാരുടെ കുരുക്ക്‌

വിശാഖപട്ടണത്ത് മൂന്ന് സ്പിന്നര്‍മാരേയും ഇന്ത്യ ഇറക്കി. നാട്ടില്‍ കളിക്കുമ്പോള്‍ മൂന്ന് സ്പിന്നര്‍മാരെ ഇറക്കുന്നതില്‍ തെറ്റ് പറയുവാനാവില്ല. എന്നാല്‍ അഞ്ച് ബൗളര്‍മാരെ മാത്രം നമ്മള്‍ കളിപ്പിക്കുമ്പോള്‍, അഞ്ചാമത്തെ ബൗളര്‍ ഉമേഷ് യാദവുമാകുമ്പോള്‍ മൂന്ന് സ്പിന്നര്‍ എന്നത് തിരിച്ചടിക്കും, വിശാഖപട്ടണത്ത് കണ്ടത് പോലെ. 

പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഉമേഷ് യാദന് കയ്യഴിഞ്ഞ് റണ്‍സ് നല്‍കി. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബൗളിങ്ങ് പുറത്തെടുത്ത ബൂമ്രയുടെ പ്രയത്‌നത്തെ കാറ്റില്‍ പറത്തിയാണ് ഉമേഷ് അവസാന ഓവര്‍ എറിഞ്ഞത്. സുരേഷ് റെയ്‌ന, യുവരാജ് സിങ് എന്നീ പാര്‍ട് ടൈം ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്ന ബ്രേക്ക്ത്രൂകള്‍ ഇന്ത്യ എത്രമാത്രം നഷ്ടപ്പെടുന്നുവെന്നും കാണാം. 

മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങുമ്പോള്‍ പവര്‍പ്ലേയില്‍ ആരിറങ്ങും എന്നതാണ് ചോദ്യം. ഭുവി, ബൂമ്ര എന്നിങ്ങനെ രണ്ട് ഫാസ്റ്റ് ബൗളേഴ്‌സാണ് പ്ലേയിങ് ഇലവനില്‍ ഉള്ളതെങ്കില്‍ പവര്‍പ്ലേയില്‍ രണ്ട് ഓവര്‍ വീതം ഇരുവര്‍ക്കും എറിയാം. സ്പിന്നര്‍മാര്‍ക്ക് അവിടെ നിന്ന് തുടങ്ങുകയുമാവാം. മൂന്ന് ഫാസ്റ്റ് ബൗളര്‍മാര്‍, രണ്ട് സ്പിന്നര്‍മാര്‍, ജാദവ് പോലെ ഒരു പാര്‍ട് ടൈം സ്പിന്നര്‍ എന്ന കണക്കിലാണെങ്കില്‍ ടീമില്‍ ബാലന്‍സ് കൊണ്ടുവരുവാനാവും. 

വിശാഖപട്ടണത്ത് ചഹലിലൂടെയാണ് ഇന്ത്യ തുടങ്ങിയത്. മാക്‌സ്വെല്‍ വരുന്നത് വരെ ചഹലിന് മികവ് കാണിക്കാനുമായി. എന്നാല്‍ ഉമേഷ് യാദവ് തന്റെ ആദ്യ ഓവറില്‍ മാക്‌സ്വെല്ലില്‍ നിന്നും മൂന്ന് ബൗണ്ടറി വഴങ്ങിയതോടെ കോഹ് ലിക്ക് ബൂമ്രയെ പവര്‍പ്ലേയില്‍ ഒരിക്കല്‍ കൂടി കൊണ്ടുവരേണ്ടതായി വന്നു. 

മൂന്നാം സീമറുടെ അഭാവത്തില്‍ പവര്‍പ്ലേയുടെ ലാസ്റ്റ് ഓവര്‍ കോഹ് ലിക്ക് ചഹലിനെ കൊണ്ട് എറിയിക്കേണ്ടി വന്നു. 13 റണ്‍സാണ് ആ ഓവറില്‍ ചഹല്‍ വഴങ്ങിയത്. ട്വന്റി20യില്‍ ഈ സമയം ഇന്ത്യ മാത്രമാണ് 5 ബൗളര്‍മാര്‍ എന്ന കണക്കില്‍ ഇറങ്ങുന്നത്. മറ്റ് ടീമുകള്‍ക്ക് ആറും ഏഴും ബൗളിങ് ഓപ്ഷനുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com