ആ വിക്കറ്റില്‍ അത്രയേ സാധിക്കൂ; ധോനിക്ക് ഓസ്‌ട്രേലിയന്‍ ക്യാമ്പില്‍ നിന്നും പിന്തുണ

ബാറ്റിങ് ദുഷ്‌കരമായ പിച്ചായിരുന്നു വിശാഖപട്ടണത്തിലേതെന്ന് മാക്‌സ്വെല്‍ ചൂണ്ടിക്കാണിക്കുന്നു
ആ വിക്കറ്റില്‍ അത്രയേ സാധിക്കൂ; ധോനിക്ക് ഓസ്‌ട്രേലിയന്‍ ക്യാമ്പില്‍ നിന്നും പിന്തുണ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി20യിലെ അവസാന ഓവറുകളില്‍ സിംഗിളുകളെടുക്കാതെ, സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ട ധോനിക്ക് നേരെയുള്ള വിമര്‍ശനങ്ങളാണ് കളിക്ക് പിന്നാലെ ആരാധകരില്‍ നിന്നുമുണ്ടായത്. ഈ സമയം ഓസ്‌ട്രേലിയന്‍ ക്യാമ്പില്‍ നിന്ന് തന്നെ ധോനിക്ക് പിന്തുണ വരികയാണ്. 

ഓസീസ് ഓള്‍റൗണ്ടര്‍ മാക്‌സ്വെല്ലാണ് ധോനിയെ പിന്തുണച്ച് എത്തുന്നത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചായിരുന്നു വിശാഖപട്ടണത്തിലേതെന്ന് മാക്‌സ്വെല്‍ ചൂണ്ടിക്കാണിക്കുന്നു. ആ വിക്കറ്റില്‍ ധോനിയുടേത് പോലൊരു സ്‌ട്രൈക്ക് റേറ്റിനെ കുറ്റം പറയുവാന്‍ സാധിക്കില്ല. ലോകോത്തര ഫിനിഷറാണ് ധോനി. ബാറ്റില്‍ കൃത്യമായി കണക്ട് ചെയ്യാന്‍ ധോനിക്ക് സാധിക്കുന്നുണ്ടായില്ല എന്നത് വാസ്തവമാണെന്നും മാക്‌സ്വെല്‍ പറയുന്നു. 

അവിടെ ധോനി ചെയ്തത് ശരിയാണ്. അവസാന ഓവറില്‍ ധോനി സിക്‌സ് അടിച്ചു. അതാണ് നമ്മള്‍ നോക്കേണ്ടത്. ആ ഓവറില്‍ ഏഴ് റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. അതിലൂടെ മനസിലാക്കാം എത്ര ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു സാഹചര്യം എന്ന്. അവസാന ഓവറുകളില്‍ ധോനി കൂടുതല്‍ ബൗണ്ടറി നേടണം എന്നായിരുന്നുവോ നിങ്ങള്‍ക്ക്? എങ്കിലതിന് വലിയൊരു പ്രയത്‌നം തന്നെ വേണ്ടിവരുമായിരുന്നു എന്നും മാക്‌സ്വെല്‍ പറഞ്ഞു. 

വിശാഖപട്ടണത്ത് അവസാന മൂന്ന് ഓവറുകളില്‍ എട്ട് വട്ടമാണ് ധോനി സിംഗിള്‍ എടുക്കാതിരുന്നത്. 17 റണ്‍സ് മാത്രമാണ് മൂന്ന് ഓവറില്‍ ഇന്ത്യ നേടിയത്. 37 പന്തുകള്‍ നേരിട്ട ധോനിയുടെ ഇന്നിങ്‌സില്‍ നിന്നും ബൗണ്ടറികള്‍ പിറക്കാതിരുന്നപ്പോള്‍ അടിച്ചത് ഒരു സിക്‌സ് മാത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com