ബംഗളൂരുവില്‍ ഈ മൂവര്‍ സംഘം സിക്‌സ് മഴ പെയ്യിക്കണം, റെക്കോര്‍ഡുകള്‍ ഇങ്ങ് പോരും
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th February 2019 11:35 AM |
Last Updated: 27th February 2019 11:46 AM | A+A A- |

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ട്വന്റി20 പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ധോനിക്കും കോഹ് ലിക്കും രോഹിത്തിനും മുന്നില്‍ വ്യക്തിഗത റെക്കോര്‍ഡുകളും വന്നു നില്‍ക്കുന്നു. വിശാഖപട്ടണത്ത് അവസാന ഓവറില്‍ അകന്നു പോയ ജയത്തിനൊപ്പം, റെക്കോര്‍ഡുകളും പിടിക്കാന്‍ ഇവര്‍ ഇറങ്ങുമ്പോള്‍ കളിയില്‍ തീപാറുമെന്ന് ഉറപ്പ്. ഫഌറ്റ് പിച്ചും ചെറിയ ബൗണ്ടറികളുമുള്ള ചിന്നസ്വാമി സ്റ്റേഡിയം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഇഷ്ടവേദിയാണ്.
ട്വന്റി20യിലെ സിക്‌സുകളുടെ രാജാവ് എന്ന നേട്ടമാണ് രോഹിത് ശര്‍മയ്ക്ക് മുന്നില്‍ വന്ന് നില്‍ക്കുന്നത്. വിന്‍ഡിസ് താരം ക്രിസ് ഗെയിലിനേയും കീവീസ് താരം മാര്‍ട്ടിന്‍ ഗപ്ടിലിനേയും മറികടക്കാന്‍ രോഹിത്തിന് ഒരു സിക്‌സ് കൂടി മതി. 52 ഇന്നിങ്‌സില്‍ നിന്നും ഗെയില്‍ 103 വട്ടമാണ് സിക്‌സ് പറത്തിയത്.
74 ഇന്നിങ്‌സില്‍ നിന്നും ഗപ്ടില്‍ 103 വട്ടവും, 86 ഇന്നിങ്‌സില്‍ നിന്ന് രോഹിത് 102 വട്ടവും പന്ത് ബൗണ്ടറി ലൈന്‍ തൊടീക്കാതെ പറത്തി. ട്വന്റി20യില്‍ 50 സിക്‌സുകള്‍ എന്ന നേട്ടമാണ് കോഹ് ലിക്കും ധോനിക്കും മുന്നിലുള്ളത്. ധോനി 49 സിക്‌സുകള്‍ പറത്തിയപ്പോള്‍ 48 എണ്ണമാണ് കോഹ് ലിയുടെ ബാറ്റില്‍ നിന്നും വന്നത്.
ഇന്ത്യന്‍ സിക്‌സ് വേട്ടക്കാരില്‍ 102 സിക്‌സുമായി രോഹിത് ഒന്നാമത് നില്‍ക്കുമ്പോല്‍ 74 സിക്‌സുമായി യുവിയാണ് രണ്ടാമത്. 56 സിക്‌സുമായി സുരേഷ് റെയ്‌ന മൂന്നാമതും, 49 സിക്‌സുമായി ധോനി നാലാമതും. 84 ഇന്നിങ്‌സില്‍ നിന്നാണ് ധോനി 49 സിക്‌സ് നേടിയത്. കോഹ് ലി 48 സിക്‌സ് നേടിയത് 61 ഇന്നിങ്‌സില്‍ നിന്നും. ബംഗളൂരുവില്‍ ഫോറിനേക്കാള്‍ എളുപ്പം സിക്‌സ് പറത്തുവാനാണെന്ന് ഇന്ത്യന്‍ സ്പിന്നര്‍ ചഹല്‍ തന്നെ കളിക്ക് മുന്‍പേ പറഞ്ഞിരുന്നു.650ല്‍ അധികം സിക്‌സുകള്‍ പറന്ന ആദ്യ സ്റ്റേഡിയമാണ് ബംഗളൂരുവിലേത്.