ബാറ്റുകൊണ്ടും പന്തുകൊണ്ടും വിനൂപിന്റെ കളി; കശ്മീരിനെതിരെ ജയം പിടിച്ച് കേരളം
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th February 2019 12:20 PM |
Last Updated: 27th February 2019 12:20 PM | A+A A- |

ഡല്‍ഹിയില്‍ നിന്നേറ്റ തോല്‍വിയില്‍ നിന്നും കരകയറി കേരളം. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജമ്മുകശ്മീരിനെ കേരളം തോല്‍പ്പിച്ചു. 94 റണ്‍സിനാണ് ടൂര്‍ണമെന്റിലെ കേരളത്തിന്റെ മൂന്നാം ജയം.
ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് കണ്ടെത്തി. ആദ്യ ഓവര്‍ മുതല്‍ കൃത്യമായ ഇടവേളകളില്‍ കേരളത്തിന്റെ വിക്കറ്റ് വീഴ്ത്താന്‍ കശ്മീരിന് സാധിച്ചെങ്കിലും അര്‍ധ സെഞ്ചുറി നേടിയ വിനൂപ് മനോഹരന്റേയും, 32 റണ്‍സ് എടുത്ത മുഹമ്മദ് അസ്ഹറുദ്ധീന്റേയും പ്രകടനം കേരളത്തെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചു.
എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കശ്മീരിനെ 14.2 ഓവറില്‍ 65 റണ്‍സിന് കേരളം ഓള്‍ ഔട്ടാക്കി. രണ്ട് വിക്കറ്റ് വീതം നേടി നിതീഷും വിനൂപ് മനോഹരനും, മൂന്ന് വിക്കറ്റ് നേടി മിഥുനും, ഒരോ വിക്കറ്റ് വീതം നേടി സന്ദീപും, ബേസിലും ചേര്‍ന്നാണ് ജമ്മുവിനെ തോല്‍പ്പിച്ചുവിട്ടത്.
ബാറ്റുകൊണ്ടും പന്തുകൊണ്ടും കളിച്ച് വിനൂപാണ് കേരളത്തെ വിജയ വഴിയിലേക്ക് തിരികെ എത്തിച്ചത്. ആദ്യ രണ്ട് കളിയില്‍ മണിപ്പൂരിനെതിരേയും, ആന്ധ്രയ്‌ക്കെതിരേയും കേരളം ജയം പിടിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി കേരളത്തെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. ഇനി നാഗാലാന്‍ഡിനെതിരേയും ജാര്‍ണ്ഡിനെതിരേയുമാണ് കേരളത്തിന്റെ മത്സരങ്ങള്‍.