പരമ്പര തൂത്തുവാരാന്‍ ഇറങ്ങിയപ്പോള്‍ തുടക്കത്തിലേ പ്രഹരം; പതിയെ തിരിച്ചു പിടിച്ച് മന്ദാനയും പൂനവും
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th February 2019 10:17 AM |
Last Updated: 28th February 2019 10:17 AM | A+A A- |

ലോക ചാമ്പ്യന്മാര്‍ക്കെതിരായ പരമ്പര തൂത്തുവാരാന്‍ വാംങ്കെടെയില്‍ ഇറങ്ങി ഇന്ത്യന്‍ വനിതകള്‍. എന്നാല്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യയ്ക്ക് തുടക്കത്തിലെ പ്രഹരമേറ്റു. ഇന്നിങ്‌സിന്റെ ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ തന്നെ ഇംഗ്ലണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാഴ്ത്തി.
സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് ചേര്‍ക്കുന്നതിന് മുന്‍പേ ജെമിമയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കാതറിന്‍ ബ്രന്റ് ജെമീമയുടെ കുറ്റി തെറിപ്പിച്ചു. ജെമീമ മടങ്ങിയതിന്റെ ആഘാതത്തില്‍ നിന്നും ടീമിനെ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് സ്മൃതി മന്ദാനയും പൂനം റൗട്ടും.
ഇന്നിങ്‌സ് ഇവര്‍ പതിയെ കെട്ടിപ്പടുത്തുമ്പോള്‍ ഇന്ത്യ പതിനഞ്ച് ഓവറില്‍ പിന്നിട്ടത് 58 റണ്‍സ് മാത്രം. 38 പന്തില്‍ നിന്നും 27 റണ്‍സാണ് സ്മൃതി മന്ദാന ഇതുവരെ നേടിയത്. മൂന്ന് ഫോറും ഒരു സിക്‌സും മന്ദാന പറത്തി. 52 പന്തില്‍ നിന്നും 5 ഫോറോടെ 28 റണ്‍സുമായാണ് പൂനം ക്രീസില്‍ നില്‍ക്കുന്നത്.
പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ 66 റണ്‍സിനും, രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനുമാണ് ഇന്ത്യ ജയിച്ചു കയറിയത്. മൂന്നാം ഏകദിനവും ജയിച്ചാല്‍ ഐസിസി ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് പോയിന്റ് കൂടി നേടി ലോക കപ്പിലേക്ക് ഇന്ത്യയ്ക്ക് നേരിട്ട് യോഗ്യത നേടാം.