മന്ദാന പോയാല്‍ തകരുന്ന ഇന്ത്യ; അഞ്ച് വിക്കറ്റ് വീണത് 15 റണ്‍സിന് ഇടയില്‍, ഇംഗ്ലണ്ട് ചുരുട്ടിക്കെട്ടുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th February 2019 11:39 AM |
Last Updated: 28th February 2019 11:39 AM | A+A A- |
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ തുടക്കത്തിലേയേറ്റ പ്രഹരത്തില്‍ നിന്നും മന്ദാനയും പൂനം യാദവും ചേര്‍ന്ന് കരകയറ്റി കൊണ്ടുവന്നുവെങ്കിലും ഇരുവരും മടങ്ങിയതിന് ശേഷം ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. കളി 37 ഓവര്‍ പിന്നിടുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
ഇന്നിങ്‌സിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യയ്‌ക്കെ ജെമിമയെ സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുന്‍പേ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ മന്ദാനയും പൂനം റൗട്ടും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിനെ വലിയ കേടുപാടില്ലാതെ പതിയെ മുന്നോട്ടു കൊണ്ടുപോയി. പക്ഷേ 28ാം ഓവറിലെ മൂന്നാം പന്തില്‍ മന്ദാനയെ കാതറിന്‍ പുറത്താക്കിയതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു.
15 റണ്‍സ് ചേര്‍ക്കുന്നതിന് ഇടയില്‍ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 74 പന്തില്‍ നിന്നും എട്ട് ഫോറും ഒരു സിക്‌സും പറത്തി 66 റണ്‍സ് എടുത്താണ് മന്ദാന മടങ്ങിയത്. 97 പന്തില്‍ ഏഴ് ഫോറുകളുടെ അകമ്പടിയോടെയാണ് പൂനം റൗട്ട് 56 റണ്‍സ് നേടിയത്. മിതാലി രാജ് ഏഴ് റണ്‍സ് എടുത്തും, ദീപ്തി ശര്‍മ നാല് റണ്‍സിനും, താനിയ ഭാട്ടിയ പൂജ്യത്തിനും പുറത്തായി.
ലോക ചാമ്പ്യന്മാര്‍ക്കെതിരായ പരമ്പര തൂത്തുവാരുവാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് മുന്നിലേക്ക് എത്തിയത്. എന്നാല്‍ ടോസിന്റെ ആനുകൂല്യം ലഭിച്ച് ബാറ്റിങ്ങിന് ഇറങ്ങിയിട്ടും വാങ്കടെയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് അത് മുതലാക്കുവാനായില്ല. ഇനി ബൗളര്‍മാരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.