2.14 മീറ്റര്‍ സ്‌ട്രെച്ച്, സിക്‌സുകളിലെ ഇന്ത്യന്‍ രാജാവ്; ധോനി പിന്‍വാങ്ങുന്നില്ല

സ്റ്റംപ് ചെയ്യാന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ഹാന്‍ഡ്‌സ്‌കോമ്പ് ശ്രമിക്കുന്നതിന് മുന്‍പ് തന്നെ ധോനിയുടെ കാലുകള്‍ ക്രീസ് ലൈനിന് അപ്പുറം കടന്നിരുന്നു
2.14 മീറ്റര്‍ സ്‌ട്രെച്ച്, സിക്‌സുകളിലെ ഇന്ത്യന്‍ രാജാവ്; ധോനി പിന്‍വാങ്ങുന്നില്ല

ഒരു കളിയില്‍ മോശമായാല്‍ പോലും ധോനിക്ക് നേരെ വിമര്‍ശന ശരങ്ങള്‍ ഉയരും. വിശാഖപട്ടണം ട്വന്റി20ക്ക് ശേഷവും അത് കണ്ടു. ബംഗളൂരു ട്വന്റി20യില്‍ ഇന്ത്യ തോല്‍വിയിലേക്ക് കൂപ്പുകുത്തിയെങ്കിലും ധോനി ആരാധകരുടെ വായടപ്പിക്കുകയാണ്. 

22 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും പറത്തി 40 റണ്‍സ് എടുത്തും, 2.14 മീറ്റര്‍ സ്‌ട്രെച്ച് ചെയ്ത് വന്ന് സ്റ്റംപിങ്ങില്‍ നിന്ന് രക്ഷപ്പെട്ടും, രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തുന്ന ഇന്ത്യക്കാരനായും ബംഗളൂരുവില്‍ ധോനി വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചു. ഇന്ത്യന്‍ ഇന്നിങ്‌സിലെ 12ാം ഓവറിലാണ് ധോനിയുടെ കിടു സ്‌ട്രെച്ചിങ് വരുന്നത്. ആഡം സാംബയായിരുന്നു ബൗളര്‍. ക്രീസ് വീട്ടിറങ്ങി വന്ന ധോനി ഷോട്ടുതിര്‍ക്കാതെ ഒഴിഞ്ഞു. പക്ഷേ സ്റ്റംപ് ചെയ്യാന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ഹാന്‍ഡ്‌സ്‌കോമ്പ് ശ്രമിക്കുന്നതിന് മുന്‍പ് തന്നെ ധോനിയുടെ കാലുകള്‍ ക്രീസ് ലൈനിന് അപ്പുറം കടന്നിരുന്നു. 

2.14 മീറ്റര്‍ സ്‌ട്രെച്ച് ചെയ്താണ് ധോനി തന്റെ വിക്കറ്റ് സുരക്ഷിതമാക്കിയത്. ഇതിന് മുന്‍പും ധോനി സ്‌ട്രെച്ചിങ്ങിലൂടെ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ 37ാം വയസിലും ധോനിക്ക് അത് ആവര്‍ത്തിക്കാന്‍ സാധിക്കുന്നതിന്റെ അത്ഭുതത്തിലാണ് ആരാധകര്‍. 

സിക്‌സുകളുടെ രാജാവുമായി ധോനി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍. 350 സിക്‌സുകള്‍ രാജ്യാന്തര ക്രിക്കറ്റില്‍ പറത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ധോനി. എല്ലാ ഫോര്‍മാറ്റില്‍ നിന്നും 526 മത്സരങ്ങള്‍ കളിച്ചാണ് ധോനി 352 സിക്‌സുകള്‍ പറത്തിയത്. ലോക ക്രിക്കറ്റിലേക്ക് വരുമ്പോള്‍ കൂടുതല്‍ സിക്‌സുകള്‍ പറത്തിയവരില്‍ അഞ്ചാമതാണ് ധോനി. 

447 മത്സരങ്ങളില്‍ നിന്നും 506 സിക്‌സ് പറത്തിയ ഗെയ്‌ലാണ് ലിസ്റ്റില്‍ ഒന്നാമത്. 350 സിക്‌സുകള്‍ എന്ന നേട്ടത്തിലേക്കെത്താന്‍ രോഹിത് ശര്‍മയ്ക്ക് ഇനി ഒരു സിക്‌സ് കൂടി പറത്തിയാല്‍ മതി. രണ്ടാം ട്വന്റി20യില്‍ പ്ലേയിങ് ഇലവനില്‍ രോഹിത് ഉള്‍പ്പെടാതിരുന്നതോടെ ഈ നേട്ടം ആദ്യം കൈവരിക്കാന്‍ ധോനിക്കായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com