നിനക്കാവാമെങ്കിൽ എനിക്കും പറ്റും; ഷെൽഡൻ കോട്രലിന് സല്യൂട്ട് പാസാക്കി ബട്‌ലർ

ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മില്‍ ചൊവ്വാഴ്ച നടന്ന നാലാം ഏകദിനം സിക്സറുകളുടെ പെരുമഴ കണ്ട പോരാട്ടമായിരുന്നു
നിനക്കാവാമെങ്കിൽ എനിക്കും പറ്റും; ഷെൽഡൻ കോട്രലിന് സല്യൂട്ട് പാസാക്കി ബട്‌ലർ

ക്വീന്‍സ്പാര്‍ക്ക്: ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മില്‍ ചൊവ്വാഴ്ച നടന്ന നാലാം ഏകദിനം സിക്സറുകളുടെ പെരുമഴ കണ്ട പോരാട്ടമായിരുന്നു. ക്രിക്കറ്റ് പ്രേമികള്‍ക്ക് മുഴുവന്‍ വിരുന്നായ മത്സരത്തില്‍ ആകെ പിറന്നത് 46 സിക്‌സറുകളാണ്. ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന ടീമെന്ന നേട്ടവും ഇംഗ്ലണ്ട് സ്വന്തമാക്കി. 24 സിക്സറുകളാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. മറുപടിയിൽ വിൻഡീസ് ബാറ്റിങ് നിര പറത്തിയത് 22 സിക്സുകളും. റണ്‍സ് യഥേഷ്ടം ഒഴുകിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ 418 റണ്‍സെടുത്തു. മറുപടിയായി വെസ്റ്റിന്‍ഡീസ് 389 റണ്‍സിന് ഓള്‍ഔട്ടായി.  

ഇംഗ്ലണ്ടിനായി വെറും 77 പന്തില്‍ നിന്ന് 150 റണ്‍സെടുത്ത ജോസ് ബട്‌ലർ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടു. 12 സിക്‌സും 13 ബൗണ്ടറികളുമടങ്ങുന്നതായിരുന്നു ബട്‌ലറുടെ വെടിക്കെട്ട്. മറുപടി ബാറ്റിങിനിറങ്ങിയ വിൻഡീസിനായി യുനിവേഴ്സൽ ബോസ് ക്രിസ് ​ഗെയ്ൽ തട്ടുപൊളിപ്പൻ ബാറ്റിങുമായി വീണ്ടും കളം നിറഞ്ഞപ്പോൾ ആ ബാറ്റിൽ നിന്ന് പിറന്നത് 14 സിക്സുകൾ. 11 ബൗണ്ടറിയുൾപ്പെടെ ​​ഗെയ്ൽ അടിച്ചെടുത്തത് 97 പന്തിൽ 162 റൺസ്. പക്ഷേ വിജയത്തിലേക്ക് ടീമിനെ എത്തിക്കാൻ വെറ്ററൻ താരത്തിന് സാധിച്ചില്ല. 

ഈ രണ്ട് വെടിക്കെട്ട് ഇന്നിങ്‌സുകളും കൊണ്ട് സമ്പന്നമായ പോരാത്തിനിടെ വിന്‍ഡീസ് ബൗളര്‍ ഷെല്‍ഡണ്‍ കോട്രലിനെതിരേ ഒരു സിക്‌സ് നേടിയ ശേഷം ബട്‌ലര്‍ അത് ആഘോഷിച്ച രീതി ആരാധകർക്ക് കൗതുകമായി. സിക്‌സടിച്ച ശേഷം ഷെല്‍ഡനെ നോക്കി ബട്‌ലര്‍ ഒരു സല്യൂട്ട് പാസാക്കുകയായിരുന്നു. ഷെല്‍ഡണ്‍ കോട്രല്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നത് ഇത്തരത്തില്‍ സല്യൂട്ട് നല്‍കിയാണ്. അത് ബട്‌ലര്‍ തിരിച്ചുനല്‍കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മുന്‍ മത്സരങ്ങളില്‍ വിക്കറ്റുകള്‍ നേടിയതിന് ശേഷം പലതവണ ഷെല്‍ഡണ്‍ സല്യൂട്ടടിച്ച് ആഘോഷം നടത്തിയിരുന്നു. തങ്ങള്‍ക്കെതിരെ പല തവണ ഷെല്‍ഡണ്‍ നടത്തിയ സല്യൂട്ട് ആഘോഷം ഇത്തവണ ബട്‌ലര്‍ തിരിച്ചുകൊടുക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com