ലോക ചാമ്പ്യന്മാര്‍ക്ക് ജയിക്കാന്‍ പൊരുതേണ്ടി വന്നു; പരമ്പര നേട്ടത്തിന്റെ ത്രില്ലില്‍ ഇന്ത്യ

ഡാനിയല്‍ വ്യാട്ടും, എല്‍വിസും ചേര്‍ന്ന് തീര്‍ത്ത കൂട്ടുകെട്ടില്ലായിരുന്നു എങ്കില്‍ പരമ്പര ഇന്ത്യയ്ക്ക് തൂത്തുവാരാമായിരുന്നു
ലോക ചാമ്പ്യന്മാര്‍ക്ക് ജയിക്കാന്‍ പൊരുതേണ്ടി വന്നു; പരമ്പര നേട്ടത്തിന്റെ ത്രില്ലില്‍ ഇന്ത്യ

പരമ്പര നഷ്ടപ്പെട്ടുവെങ്കിലും മൂന്നാം ഏകദിനത്തില്‍ ആശ്വാസ ജയം നേടി ലോക ചാമ്പ്യന്മാര്‍. വാംങ്കഡെ എകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് ജയം. ഇന്ത്യയെ 205 റണ്‍സില്‍ ഒതുക്കിയ ഇംഗ്ലണ്ട് ഏഴ് പന്ത് ബാക്കി നില്‍ക്കെ ജയം പിടിച്ചു. 

ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് എന്ന് തകര്‍ന്നിടത്ത് നിന്നുമാണ് ഇംഗ്ലണ്ട് കരകയറി വിജയത്തിലേക്ക് എത്തിയത്. ഡാനിയല്‍ വ്യാട്ടും, എല്‍വിസും ചേര്‍ന്ന് തീര്‍ത്ത കൂട്ടുകെട്ടില്ലായിരുന്നു എങ്കില്‍ പരമ്പര ഇന്ത്യയ്ക്ക് തൂത്തുവാരാമായിരുന്നു. ഏഴാം വിക്കറ്റില്‍ വ്യാട്ടും എല്‍വിസും  ചേര്‍ന്ന് 56 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തു. 

വിക്കറ്റ് തുടരെ വീഴുമ്പോഴും മധ്യനിരയില്‍ ഉറച്ചു നിന്ന ഇംഗ്ലണ്ട് നായിക നൈറ്റിന്റെ ഇന്നിങ്‌സും ഇംഗ്ലണ്ടിന് തുണയായി. 63 പന്തില്‍ 47 റണ്‍സ് എടുത്ത് നൈറ്റ് പുറത്തായി. ചെറിയ സ്‌കോറാണ് പ്രതിരോധിക്കുവാന്‍ ഉണ്ടായിരുന്നത് എങ്കിലും ജുലന്‍ ഗോസ്വാമിയും ശിഖ പാണ്ഡ്യയും, ദീപ്തി ശര്‍മയും പൂനം യാദവും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വരിഞ്ഞു മുറിക്കിയിരുന്നു. എന്നാല്‍ ആശ്വാസ ജയത്തിലേക്ക് എത്തുന്നതില്‍ നിന്നും അവരെ തടയാന്‍ ഇന്ത്യയ്ക്കായില്ല. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയാവട്ടെ മന്ദാനയുടേയും പൂനം റൗട്ടിന്റേയും കരുതലോടെയുള്ള ബാറ്റിങ്ങിന്റെ ബലത്തിലാണ് വലിയ നാണക്കേടില്‍ നിന്നും കരകയറിയത്. പൂനവും, മന്ദാനയും അര്‍ധ ശതകം നേടി പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നു. 15 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടുവെങ്കിലും ദീപ്തി ശര്‍മയും ശിഖ പാണ്ഡ്യയും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com