ദാ, കളി കാര്യമായെട്ടോ, പന്ത് 'ബെസ്റ്റ്‌ ബേബിസിറ്റര്‍' എന്ന്‌ പെയ്‌നിന്റെ ഭാര്യയും; സ്ലെഡ്ജിങ് കളിക്കളത്തിന് പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2019 02:09 PM  |  

Last Updated: 01st January 2019 02:18 PM  |   A+A-   |  

pantpaine010119

പന്തിന്റേയും പെയ്‌നിന്റേയും സ്ലെഡ്ജിങ്ങുകളാണ് ഈ ഓസീസ് പരമ്പരയിലെ ഹൈലൈറ്റുകളെന്ന് ഏത് ആരാധകനും സമ്മതിക്കും. കളിയുടെ ആവേശം കൂട്ടിയ ഈ സ്ലെഡ്ജിങ്ങിന് ഇപ്പോള്‍ മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. പന്തിനെ സ്ലെഡ്ജ് ചെയ്ത പെയ്‌നിനൊപ്പം പെയ്‌നിന്റെ ഭാര്യയും കൂടി കൂടുന്നു. 

മെല്‍ബണിലെ മൂന്നാം ടെസ്റ്റിനിടെ പന്ത് ബാറ്റിങ്ങിന് എത്തിയപ്പോഴായിരുന്നു പെയ്‌നിന്റെ ബേബി സിറ്റര്‍ സ്ലെഡ്ജിങ്. ഞാന്‍ ഭാര്യയുമായി സിനിമയ്ക്ക് പോകുമ്പോള്‍ നീ കുഞ്ഞിന് നോക്കും എന്നായിരുന്നു പെയ്‌നിന്റെ വാക്കുകള്‍. ധോനി ടീമിലേക്ക് മടങ്ങിയെത്തുന്നു, ഇനി നിനക്ക് പണിയില്ലെന്ന് പറഞ്ഞ് പന്തിനെ പ്രകോപിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത്. 

ഇപ്പോഴിതാ, പന്തിനൊപ്പം രണ്ട് കുട്ടികളേയും പിടിച്ചുള്ള ഫോട്ടോയാണ് പെയ്‌നിന്റെ ഭാര്യ ബോണി പെയ്ന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കുന്നത്. ഫോട്ടോയ്‌ക്കൊപ്പം പെയ്‌നിന്റെ ഭാര്യ എഴുതുന്നത്, ബെസ്റ്റ് ബേബി സിറ്റര്‍ എന്നും.

ഇത് ഏറ്റുപിടിച്ച് ഐസിസിയും എത്തിയിട്ടുണ്ട്. ബോക്‌സിങ് ഡേ ടെസ്റ്റിലെ പെയ്‌നിന്റെ ചലഞ്ച് പന്ത് ഏറ്റെടുത്തുവെന്നാണ് അതില്‍ കൗതുകം നിറച്ച് ഐസിസി പറയുന്നത്. 
 

പെയ്‌നിന്റെ സ്ലെഡ്ജിങ്ങിന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ തന്നെ പന്ത് മറുപടി നല്‍കിയിരുന്നു. ചിലയ്ക്കാന്‍ മാത്രം അറിയുന്ന നായകന്‍, താത്കാലിക നായകന്‍ എന്നെല്ലാം പറഞ്ഞായിരുന്നു പന്ത് തിരിച്ചടിച്ചത്. ഇരുവരുടേയും സ്ലെഡ്ജിങ്ങിനെ കൗതുകകരമായ മറ്റൊരു തലത്തിലേക്കെത്തിച്ച ആരാധകരില്‍ കൗതുകം നിറയ്ക്കുകയാണ് പെയ്‌നിന്റെ ഭാര്യയും.