പാക് ടീമിലേക്കുള്ള എന്റെ മടക്കം തടസപ്പെടുത്തിയത് അഫ്രീദി; വെളിപ്പെടുത്തലുമായി സല്‍മാന്‍ ബട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2019 11:52 AM  |  

Last Updated: 02nd January 2019 11:52 AM  |   A+A-   |  

441619-435109-shahid-afridi

2010ല്‍ ഒത്തുകളിയില്‍ ശിക്ഷിക്കപ്പെട്ട് അഞ്ച് വര്‍ഷത്തെ വിലക്ക് നേരിട്ടതിന് ശേഷം പാക് ടീമിലേക്കുള്ള തന്റെ മടക്കം തടസപ്പെടുത്തിയത് ഷാഹിദ് ആഫ്രിദിയെന്ന് പാക് മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. 2016ലെ ട്വന്റി20 ലോക കപ്പ് ടീമിലേക്ക് ഞാന്‍ തെരഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍ 2015ല്‍ എന്നെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരെ അഫ്രീദി നിലപാടെടുത്തുവെന്ന ബട്ട് പറയുന്നു. 

ആ സമയം ടീമിന്റെ മുഖ്യ പരിശീലകന്‍ വഖാര്‍ യുനീസും, ബാറ്റിങ് കോച്ച് ഗ്രാന്റ് ഫഌവറും എന്റെ നെറ്റ്‌സില്‍ ബാറ്റ് ചെയ്യിപ്പിച്ച് എന്റെ ഫിറ്റ്‌നസ് ഉറപ്പ് വരുത്തിയിരുന്നു. പാകിസ്താന് വേണ്ടി കളിക്കാന്‍ മാനസീകമായി തയ്യാറാണോ എന്ന് വഖാര്‍ യുനീസ് എന്നോട് ചോദിച്ചു. തയ്യാറാണെന്ന് ഞാനും പറഞ്ഞു. എല്ലാം അനുകൂലമായി നില്‍ക്കെ, അന്ന് നായകനായിരുന്ന അഫ്രീദി എന്റെ ടീമിലേക്കുള്ള വരവ് തടസപ്പെടുത്തി. 

എന്തുകൊണ്ട് അഫ്രീദിന ഇങ്ങനെ ചെയ്തുവെന്ന് എനിക്കറിയില്ല. ഞാന്‍ അദ്ദേഹത്തോട് ഇക്കാര്യം ചോദിച്ചിട്ടും ഇല്ലെന്നും അഫ്രീദി പറയുന്നു. ആ ട്വന്റി20 ലോക കപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അഫ്രീദിക്കും വഖാര്‍ യുനീസിനും സ്ഥാനങ്ങള്‍ നഷ്ടമായിരുന്നു. എന്താണ് സെലക്ഷന് ലഭിക്കാന്‍ ഇനി ചെയ്യേണ്ടത് എന്നറിയില്ല. ഞാന്‍ റണ്‍സ് സ്‌കോര്‍ ചെയ്യുണ്ട്. സെലക്ഷന്‍ നല്‍കാത്തതിനെ കുറിച്ച് ആരും ഞങ്ങള്‍ക്ക് അതിന്റെ കാരണം വ്യക്തമാക്കി തരുന്നില്ലെന്നും ബട്ട് പറയുന്നു. 

2010 ഓഗസ്റ്റില്‍ ഇംഗ്ലണ്ട് പര്യടനത്തിന് ഇടയിലായിരുന്നു പാക് ടീമില്‍ ഒത്തുകളി വിവാദം വരുന്നത്. ബട്ടിനൊപ്പം മുഹമ്മദ് അസീഫ്, മുഹമ്മദ് ആമിര്‍ എന്നിവരേയും കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് വര്‍ഷം വിലക്കായിരുന്നു ഇവര്‍ നേരിട്ടത്.