പൂജാരയുടെ ബാറ്റിങാണ് വ്യത്യാസം; ടെസ്റ്റ് കളിക്കാനുള്ള സാങ്കേതികത ഓസീസ് താരങ്ങള്‍ കൈവിട്ടു; വിമർശിച്ച് ഹോഡ്ജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2019 05:57 AM  |  

Last Updated: 02nd January 2019 05:57 AM  |   A+A-   |  

Brad-Hodge-Signing-Press-Conference-still

 

സിഡ്‌നി: ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ നിറംമങ്ങിയ പ്രകടനം കാഴ്‌ച്ചവെക്കുന്ന ഓസീസ് ബാറ്റിങ് നിരയ്ക്ക് കടുത്ത വിമർശനമാണ് നേരിടേണ്ടി വരുന്നത്. അടുത്ത ടെസ്റ്റിൽ ആരൊക്കെ കളിക്കണമെന്ന് നിർദേശിച്ച് മുൻ നായകൻ സ്റ്റീവ് വോ അന്തിമ ഇലവനെ തിരഞ്ഞെടുത്തതും ഇന്ത്യൻ ബാറ്റ്സ്മാൻമാരെ കണ്ട് പഠിക്കണമെന്ന് പരിശീലകൻ ജസ്റ്റിൻ ലാം​ഗറും പരമാർശങ്ങൾ നടത്തിയതിന് പിന്നാലെ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ബ്രാഡ് ഹോഡ്‌ജ്. 

ഓസ്ട്രേലിയൻ ടീമിന്റെ ബാറ്റിങ് വിലയിരുത്തിയാല്‍ പരമ്പര നിരാശയാണ് സമ്മാനിക്കുന്നതെന്ന് ഹോഡ്ജ് വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള സാങ്കേതികതയും അഭിരുചിയും ഓസീസ് താരങ്ങള്‍ കൈവിട്ടതായും ബാറ്റിങ് ശരാശരി വളരെ മോശമാണെന്നും ഹോഡ്‌ജ് പറഞ്ഞു. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് പെര്‍ത്തില്‍ ഈ ടീം ടെസ്റ്റ് ജയിച്ചിരുന്നു. അതിനാല്‍ വളരെയധികം പ്രതീക്ഷ അടുത്ത മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാരിലുണ്ടാകും. എന്നാല്‍ ആദ്യ ഇന്നിങ്സില്‍ 200 റണ്‍സ് പോലും സ്‌കോര്‍ ചെയ്യാനാകാതെ വരുന്നത് സങ്കീര്‍ണതയാണ്. ഓസീസ് ടീമില്‍ വലിയ പ്രതീക്ഷകളാണുള്ളതെന്നും മികച്ച താരങ്ങളുടെ ചരിത്രം ടീമിനുണ്ടെന്നും സ്‌മിത്തിനെയും വാര്‍ണറെയും പരാമര്‍ശിച്ച് ഹോഡ്‌ജ് പറഞ്ഞു. 

എന്നാല്‍ പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബൂംമ്രയുടെയും ചേതേശ്വര്‍ പൂജാരയുടെയും പ്രകടനങ്ങളെ ബ്രാഡ് ഹോഡ്ജ് പുകഴ്ത്തി. ബൂംമ്ര ബാറ്റ്സ്മാന്‍മാരുടെ പേടി സ്വപ്നമാണെന്ന് പറഞ്ഞ ഹോഡ്ജ് മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങാണ് ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും വ്യക്തമാക്കി. ഇരു ടീമുകളുടെയും ബൗളിങ് മികവുറ്റതാണ്. പെര്‍ത്ത് ടെസ്റ്റിലെ ആദ്യ സെഷനും മെല്‍ബണില്‍ മായങ്ക് അഗര്‍വാളിന്റെ ഇന്നിങ്‌സും ഒഴിച്ചുനിര്‍ത്തിയാല്‍ ഇരു ടീമുകളുടെയും ഓപണര്‍മാര്‍ ശരിക്കും വെള്ളം കുടിച്ച പരമ്പരയാണിത്. അതുകൊണ്ടാണ് മൂന്നാം നമ്പറിലിറങ്ങുന്ന പൂജാരയുടെ പ്രകടനം നിര്‍ണായകമാവുന്നത്. പൂജാര വിക്കറ്റ് വെറുതെ വലിച്ചെറിഞ്ഞില്ലെന്ന് മാത്രമല്ല, കളിയിലെ കൂടുതല്‍ സമയം അപഹരിക്കുകയും ഓസീസ് ബൗളർമാരെ ശരിക്കും പരീക്ഷിക്കുകയും ചെയ്തു. മൂന്നാം തിയതി സിഡ്‌നിയില്‍ പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കും.