മുഹമ്മ​ദ് സല നിലനിർത്തുമോ; 2018ലെ മികച്ച ആഫ്രിക്കൻ താരമാരെന്ന് അടുത്ത ആഴ്ച അറിയാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2019 05:57 AM  |  

Last Updated: 02nd January 2019 05:57 AM  |   A+A-   |  

Dv0U5GvVsAAHtU0

 

കെയ്റോ: 2018ലെ മികച്ച ആഫ്രിക്കൻ താരത്തിനായുള്ള മൂന്ന് പേരുടെ ചുരുക്ക പട്ടിക പുറത്തിറക്കി. ആരാകും ഈ വർഷത്തെ മികച്ച താരമെന്ന് അടുത്ത ആഴ്ച അറിയാം. കഴിഞ്ഞ വർഷത്തെ ആവർത്തനമായി ഇക്കുറിയും അന്തിമ പട്ടികയിൽ മുഹമ്മദ് സല, സാദിയോ മാനെ, പിയറി എമ്റെ ഔബമെയങ് എന്നിവർ തന്നെ ഇടംപിടിച്ചു. സെന​ഗലിൽ നടക്കുന്ന ആഫ്രിക്കൻ ഫുട്ബോൾ ഫെഡറേഷൻ യോ​ഗത്തിൽ വിജയിയെ തിരഞ്ഞെടുക്കും. ലിവർപൂൾ താരമായ മുഹമ്മദ് സലയായിരുന്നു കഴിഞ്ഞ വർഷത്തെ ജേതാവ്. ഇത്തവണയും സല പുരസ്കാരം നിലനിർത്തുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ നോക്കുന്നത്. ഔബമെയങും രണ്ടാം പുരസ്കാരമാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സീസണിൽ ലിവർപൂളിനെ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിന്റെ ആദ്യ നാലിൽ ലിവർപൂളിനെയെത്തിച്ച സല- മാനെ സഖ്യം ഈ സീസണിൽ ടീമിന്റെ അപരാജിത കുതിപ്പിന് ചുക്കാൻ പിടിച്ചാണ് അന്തിമ പട്ടികയിൽ ഇടം കണ്ടെത്തിയത്. ​ഗാബോൺ താരമായ ഔബമെയങ്ങിനെ തുണച്ചത് പ്രീമിയർ ലീ​ഗിൽ ആഴ്സണലിനായി നടത്തുന്ന പ്രകടനമാണ് തുണയായത്. 

കഴിഞ്ഞ തവണ രണ്ടാമതും അതിന് മുൻപ് തവണ മൂന്നാമതുമായിരുന്ന മാനെ ഇക്കുറി പുരസ്കാരം പ്രതീക്ഷിക്കുന്നു. നാല് തവണ വീതം പുരസ്കാരം നേടിയ സാമുവൽ എറ്റുവും യായാ ടുറേയുമാണ് ഏറ്റവുമികം തവണ ജേതാക്കളായത്.