സച്ചിനെന്ന ഇതിഹാസത്തെ കണ്ടെടുത്ത വിഖ്യാത പരിശീലകൻ അച്‌രേക്കർ ഇനി ഓർമ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2019 10:23 PM  |  

Last Updated: 02nd January 2019 10:23 PM  |   A+A-   |  

1438342677STq

 

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന ഇതിഹാസ ക്രിക്കറ്ററെ ഇന്ത്യയ്ക്ക് സമ്മാനിച്ച വിഖ്യാത പരിശീലകന്‍ രമാകാന്ത് അച്‌രേക്കര്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.  1990-ല്‍ ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചു. 2010-ല്‍ പത്മശ്രീ നല്‍കിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ദീർഘകാലം മുംബൈ പ്രാദേശിക ക്രിക്കറ്റിലെ തിളങ്ങുന്ന മുഖമായിരുന്ന അച്‌രേക്കര്‍ ഇവിടെ വെച്ചാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിനോദ് കാംബ്ലി,  അജിത് അഗാര്‍ക്കര്‍, ചന്ദ്രകാന്ത് പാട്ടില്‍, പ്രവീണ്‍ ആംറെ എന്നിവരെ പരിശീലിപ്പിച്ചത്. മുംബൈ ദാദറിലെ ശിവാജി പാര്‍ക്കിലെ കാമാത്ത് മെമ്മോറിയല്‍ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകനാണ്. 

സച്ചിന്‍ എന്ന ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാനെ രൂപപ്പെടുത്തിയ പരിശീലകനാണ് അച്‌രേക്കർ. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ അച്‌രേക്കര്‍ നടത്തിയിരുന്ന ക്രിക്കറ്റ് അക്കാദമിയില്‍ നിന്നായിരുന്നു സച്ചിന്‍ എന്ന ക്രിക്കറ്ററുടെ ഉദയം. സഹോദരന്‍ അജിത്താണ് സച്ചിനെ അച്‌രേക്കറുടെ അക്കാദമിലെത്തിക്കുന്നത്. അജിത്തിന്റെ നിരന്തരമായ അപേക്ഷയെ തുടര്‍ന്നാണ് അച്‌രേക്കര്‍ സച്ചിനെ ശിഷ്യനായി സ്വീകരിച്ചത്. പിന്നീട് സച്ചിനിലെ പ്രതിഭ തിരിച്ചറിഞ്ഞ് ശാരദാശ്രം സ്‌കൂളിലേക്ക് മാറാന്‍ നിര്‍ദേശിച്ചതും അച്‌രേക്കറായിരുന്നു.

ക്രിക്കറ്റിലെ തന്റെ എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും ഗുരുവായ അച്‌രേക്കറാണെന്ന് സച്ചിന്‍ ആവര്‍ത്തിക്കാറുണ്ടായിരുന്നു. മത്സര പരിചയത്തിനായി പലപ്പോഴും സ്വന്തം സ്‌കൂട്ടറിലാണ് അദ്ദേഹം സച്ചിനെ കൊണ്ടുപോയിരുന്നത്. അച്‌രേക്കറുടെ ഇത്തരം പ്രയത്‌നങ്ങള്‍ തന്നിലെ ക്രിക്കറ്ററെ എത്രമാത്രം സഹായിച്ചിട്ടുണ്ടെന്ന് തനിക്കു പോലും അറിയില്ലെന്നായിരുന്നു ഇക്കാര്യം ഓര്‍ത്തെടുത്ത് സച്ചിന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്.