സിഡ്‌നിയില്‍ കോഹ് ലിയെ കാത്തിരിക്കുന്നത് ചരിത്രം, പക്ഷേ വിലങ്ങുതടിയാവുന്നത് സിഡ്‌നിയിലെ ഇന്ത്യയുടെ ചരിത്രം

കൂടുതല്‍ ജയങ്ങളിലേക്ക് എത്തിച്ച ഗാംഗുലിയുടെ റെക്കോര്‍ഡ് മറികടന്ന്, ഇന്ത്യയുടെ മികച്ച ഓവര്‍സീസ് നായകന്‍ എന്ന പേര് കോഹ് ലിക്ക് സ്വന്തമാക്കാം
സിഡ്‌നിയില്‍ കോഹ് ലിയെ കാത്തിരിക്കുന്നത് ചരിത്രം, പക്ഷേ വിലങ്ങുതടിയാവുന്നത് സിഡ്‌നിയിലെ ഇന്ത്യയുടെ ചരിത്രം

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റെക്കോര്‍ഡുകള്‍ പലതും തകര്‍ത്താണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്റെ പോക്ക്. വ്യക്തിഗത റെക്കോര്‍ഡുകളും നായകന്‍ എന്ന നിലയില്‍ നേട്ടങ്ങളും ഓരോന്നായി കോഹ് ലി മറികടന്നു. പുതിയ വര്‍ഷത്തിന്റെ തുടക്കത്തിലും കോഹ് ലിക്ക് മുന്നില്‍ റെക്കോര്‍ഡുകള്‍ നിരന്നു നില്‍ക്കുകയാണ്...

സിഡ്‌നി ടെസ്റ്റില്‍ ജയിച്ചു കയറിയാല്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ ഇന്ത്യന്‍ സംഘമാകും കോഹ് ലിയുടെ ടീം. പെര്‍ത്തിലേറ്റ തോല്‍വിയില്‍ നിന്നും ഉണര്‍ന്ന് മെല്‍ബണില്‍ ജയം പിടിച്ച് പരമ്പരയില്‍ 1-2 എന്ന് മുന്നിലെത്തിയപ്പോള്‍ തന്നെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീം തങ്ങളുടെ കരുത്ത് കാട്ടിക്കഴിഞ്ഞു. മോശം ട്രാവല്‍ ടീം എന്ന് 2018ല്‍ വീണ ടാഗ് ഈ ജയത്തോടെ ഇന്ത്യയ്ക്ക് മാറ്റിയെഴുതുകയും ചെയ്യാം. 

നാലാം ടെസ്റ്റില്‍ ജയം പിടിച്ചാല്‍ ഗാംഗുലിയുടെ നേട്ടവും കോഹ് ലി പിന്നിലാക്കും. ഇന്ത്യയ്ക്ക് പുറത്ത് ടീമിനെ ഏറ്റവും കൂടുതല്‍ ജയങ്ങളിലേക്ക് എത്തിച്ച ഗാംഗുലിയുടെ റെക്കോര്‍ഡ് മറികടന്ന്, ഇന്ത്യയുടെ മികച്ച ഓവര്‍സീസ് നായകന്‍ എന്ന പേര് കോഹ് ലിക്ക് സ്വന്തമാക്കാം. വിദേശത്തെ 11 ടെസ്റ്റ് ജയങ്ങള്‍ നേടി ഇപ്പോള്‍ ഗാംഗുലിക്ക് ഒപ്പം നില്‍ക്കുകയാണ് കോഹ് ലി. 

രണ്ടില്‍ കൂടുതല്‍ ടെസ്റ്റുകള്‍ ഓസ്‌ട്രേലിയയില്‍ ജയിക്കുന്ന ഏഷ്യയിലെ ആദ്യ നായകനുമാകും കോഹ് ലി. 1978ല്‍ ഓസ്‌ട്രേലിയയില്‍ 3-2ന് ടെസ്റ്റ് പരമ്പര തോറ്റ ബീഷന്‍ സിങ് ബേദിയും, പാകിസ്താന്റെ മുഷ്താഖ് മുഹമ്മദുമാണ് കോഹ് ലിക്ക് മുന്‍പ് ഓസീസ് മണ്ണില്‍ രണ്ട് ടെസ്റ്റില്‍ ടീമിനെ ജയത്തിലേക്ക് എത്തിച്ചിരിക്കുന്ന ഏഷ്യന്‍ നായകന്മാര്‍. വിദേശത്ത് ഒരു പരമ്പരയിലെ മൂന്ന് കളികളില്‍ ജയം പിടിച്ച് രണ്ട് വട്ടം ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ നായകനും കോഹ്  ലിയാകും. 2017ല്‍ ലങ്കയെ ഇന്ത്യ 3-0ന് തോല്‍പ്പിച്ചിരുന്നു. 

ഇതിന് മുന്‍പ് മന്‍സൂര്‍ അലിഖാന്‍ പടൗഡി ന്യൂസിലാന്‍ഡില്‍ ഇന്ത്യയ്ക്ക് 3-1ന് ജയം നേടിത്തന്നതായിരുന്നു റെക്കോര്‍ഡ്. എന്നാല്‍ സിഡ്‌നിയിലെ ചരിത്രം ഇന്ത്യയ്ക്ക് അനുകൂലമല്ല. 11 ടെസ്റ്റുകള്‍ ഇന്ത്യ ഇവിടെ കളിച്ചപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. 1978ലായിരുന്നു അത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com