അച്‌രേക്കർ ഇനി ജ്വലിക്കുന്ന ഓർമ; ചിതയിലേക്കെടുത്തപ്പോൾ നിറകണ്ണുകളുമായി സച്ചിനും കാംബ്ലിയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2019 05:39 PM  |  

Last Updated: 03rd January 2019 05:39 PM  |   A+A-   |  

2-759

2-759

 

മുംബൈ: ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പകര്‍ന്നു നല്‍കിയ ഗുരുവിനെ ചിതയിലേക്കെടുക്കുമ്പോള്‍ സച്ചിൻ ടെണ്ടുൽക്കർ വികാരാധീനനായി. അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു. രമാകാന്ത് അച്‌രേക്കറുടെ സംസ്‌കാരച്ചടങ്ങിനെത്തിയപ്പോഴാണ് സച്ചിൻ വികാരം നിയന്ത്രിക്കാൻ കഴിയാതെ വിങ്ങിയത്. ചിത ആളിക്കത്തുമ്പോൾ മുന്നില്‍ സങ്കടം നിഴലിച്ച മുഖവുമായി സച്ചിന്‍ നിന്നു.

കഴിഞ്ഞ ​ദിവസമാണ് 87ാം വയസിൽ അച്‌രേക്കർ ഓർമയായത്. അ​ദ്ദേഹത്തിന്റെ ഭൗതികദേഹം ചുമക്കാൻ സച്ചിനുമുണ്ടായിരുന്നു. മുംബൈയിലെ ശിവാജി പാര്‍ക്കിനടുത്തുള്ള ശ്മശാനത്തിലാണ് അച്‌രേക്കറിന്റെ ഭൗതിക ശരീരം ദഹിപ്പിച്ചത്. പൊതുദര്‍ശനത്തിനു വെച്ച മൈതാനത്ത് നിന്ന് ശ്മശാനത്തിലേക്കുള്ള അച്‌രേക്കറുടെ അന്ത്യയാത്രയിൽ അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ആദരമര്‍പ്പിച്ചു. 'അമര്‍ രഹേ' എന്നുറക്കെ പറഞ്ഞ് ബാറ്റുയര്‍ത്തിയായിരുന്നു കുട്ടികളുടെ ആദരം. 

സച്ചിനോടൊപ്പം വിനോദ് കാംബ്ലി, ബല്‍വീന്ദര്‍ സിങ് സന്ധു, ചന്ദ്രകാന്ത് പണ്ഡിറ്റ് തുടങ്ങിയ ശിഷ്യന്‍മാരും അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ, എംഎല്‍എയും ബിജെപി നേതാവുമായ ആഷിശ് ഷെഹ്‌ലാര്‍, മേയര്‍ വിശ്വനാഥ് മാഹാദേശ്വര്‍ എന്നിവരും അച്‌രേക്കര്‍ക്ക് ആദരമര്‍പ്പിച്ചു.