ഏഷ്യൻ കപ്പ്; ഇന്ത്യൻ താരങ്ങളുടെ പേരെടുത്ത് പറഞ്ഞ് ആശംസകളുമായി ജർമൻ ഇതിഹാസവും ബുണ്ടസ് ലീ​ഗയിലെ സൂപ്പർ താരങ്ങളും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2019 04:52 PM  |  

Last Updated: 03rd January 2019 04:52 PM  |   A+A-   |  

mariogotze-1531302342

 

മ്യൂണിക്ക്: ഈ മാസം അഞ്ചിന് ആരംഭിക്കാനിരിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ പോരാട്ടത്തിന് ഇറങ്ങുന്ന ഇന്ത്യൻ ടീം വലിയ പ്രതീക്ഷയിലാണ്. ടൂർണമെന്റിൽ ശക്തമായ മുന്നേറ്റം നടത്താമെന്ന കണക്കുകൂട്ടലിലാണ് ടീം. ആരാധകരും ടീമിന്റെ നിലവാരമുള്ള മുന്നേറ്റമാണ് ആ​ഗ്രഹിക്കുന്നത്. കരുത്തരായ യുഎഇ, ബഹ്റിൻ, തായ്‌ലന്‍ഡ്‌ എന്നിവർ അടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. 

ഇന്ത്യക്ക് ടൂർണമെന്റിൽ കാര്യമായ മുന്നേറ്റം നടത്താൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ബാഴ്സലോണ ഇതിഹാസവും മുൻ സ്പെയിൻ താരവുമായ ഷാവി അഭിപ്രായപ്പെട്ടിരുന്നു. ബാഴ്സലോണയ്ക്കും ഷാവിക്കുമൊക്കെ കടുത്ത ആരാധകരാണ് ഇന്ത്യയിലുള്ളത്. എന്നാൽ താരത്തിന്റെ അഭിപ്രായം നിരാശ സമ്മാനിക്കുന്നതായിരുന്നു.

അതേസമയം ഏഷ്യൻ പോരിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകളുമായി ബുണ്ടസ് ലീഗയിലെ സൂപ്പർ താരങ്ങൾ രം​ഗത്തെത്തിയതാണ് ശ്രദ്ധേയമായത്. ജർമ്മൻ ഇതിഹാസം ലൂഥർ മാത്തേയൂസിന്റെ നേതൃത്വത്തിലാണ് സൂപ്പർ താര നിരയാണ് ഇന്ത്യൻ ടീമിന് ആശംസകൾ നേർന്നത്. 

ജർമ്മനിയുടെ ലോകകപ്പിലെ ഭാഗ്യതാരമായ ബൊറൂസിയ ഡോർട്മുണ്ടിന്റെ മരിയോ ഗോട്സെ, വെർഡർ ബ്രെമന്റെ വെറ്ററൻ താരം ക്ലൗഡിയോ പിസാറോ, ബൊറൂസിയ മൊഷൻചെൻ​ഗ്ലാഡ്ബാച് താരം യാൻ സമ്മർ, ലെയ്പ്‌സിഗിന്റെ ജർമ്മൻ യുവതാരം ടിമോ വെർണർ എന്നിവരാണ് ഇന്ത്യൻ താരങ്ങളെ പേരെടുത്ത് പറഞ്ഞ് ആശംസകൾ അർപ്പിച്ചത്. 

സുനിൽ ഛേത്രിയുടെ പേര് പറഞ്ഞാണ് ക്ലൗഡിയോ പിസാറോയുടെ ആശംസ. പിന്നാലെ മരിയോ ​ഗോട്സെ അനിരുദ്ധ് ഥാപയുടെ പേര് പറഞ്ഞാണ് ആശംസ നേർന്നത്. യാൻ സമ്മറുടെ ആശംസ ​ഗുർപ്രീതിനും ടിമോ വെർണർ ജെജെ ലാൽപെഖുലെയ്ക്കുമാണ് ആശംസകൾ നേർന്നത്. ബുണ്ടസ് ലീ​​ഗയുടെ ആശംസകൾ നേരുന്നതായി അവസാനം ലോതർ മത്തേയൂസും പറയുന്നതോടെ 37 സെക്കൻഡുകളുള്ള വീഡിയോ അവസാനിക്കുന്നു.