രണ്ടാം വൻമതിൽ തന്നെ; മൂന്നാം ശതകവുമായി ക്ലാസ് പൂജാര; മറ്റൊരു നേട്ടത്തിലും ഇതിഹാസ താരങ്ങൾക്കൊപ്പം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2019 02:47 PM  |  

Last Updated: 03rd January 2019 02:47 PM  |   A+A-   |  

Dv98b1mVYAEaHJT

 

സിഡ്നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ച ബാറ്റ്സ്മാൻ ചേതേശ്വർ പൂജാരയാണ്. കഴിഞ്ഞ ദിവസം മുൻ ഓസ്ട്രേലിയ താരം ബ്രാഡ് ഹോഡ്ജ് പറഞ്ഞതും അതുതന്നെയായിരുന്നു. രണ്ട് ടീമുകളും തമ്മിലുള്ള വ്യത്യാസം എന്നത് പൂജാരയായിരുന്നു എന്നാണ്. 

പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും പൂജാര തന്നെയാണ്. സിഡ്നിയിൽ ഇന്ന് ആരംഭിച്ച നാലാം ടെസ്റ്റിലും സെഞ്ച്വറി നേടി ഇന്ത്യക്ക് ആദ്യ ദിനത്തിൽ തന്നെ മേൽക്കൈ സമ്മാനിച്ചു. പരമ്പരയിലെ മൂന്നാം സെഞ്ച്വറിയാണ് താരം സിഡ്നിയിൽ അടിച്ചെടുത്തത്. 130 റൺസുമായി 18ാം ടെസ്റ്റ് ശതകം പിന്നിട്ട് പൂജാര പുറത്താകാതെ നിൽക്കുകയാണ്. 

മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ ഒരപൂർവ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് പൂജാര. ഓസ്ട്രേലിയയിൽ നടക്കുന്ന ഒരു ടെസ്റ്റ് പരമ്പരയിൽ ആയിരത്തിലധികം ബോളുകൾ നേരിടുന്ന ബാറ്റ്സ്മാനെന്ന നേട്ടമാണ് ഇപ്പോൾ പൂജാര സ്വന്തം പേരിൽ ചേർത്തിരിക്കുന്നത്. ഓസ്ട്രേലിയയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ആയിരത്തിലധികം പന്തുകൾ നേരിടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടമാണ് പൂജാര സ്വന്തമാക്കിയത്. സുനിൽ ഗവാസ്കർ, രാഹുൽ ദ്രാവിഡ്, വിജയ് ഹസാരെ, വിരാട് കോഹ്‌ലി എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്.

2003-04 ലെ പരമ്പരയിൽ 1203 പന്തുകൾ നേരിട്ട രാഹുൽ ദ്രാവിഡാണ് ഓസീസിൽ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ടിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാൻ. വിജയ് ഹസാരെ 1947-48 പരമ്പരയിൽ 1192 പന്തുകൾ നേരിട്ടു, വിരാട് കോഹ്‌ലി 2014-15 പരമ്പരയിൽ 1093 പന്തുകൾ നേരിട്ടു, സുനിൽ ഗവാസ്കർ 1977-78 പരമ്പരയിൽ 1032 പന്തുകളാണ് നേരിട്ടത്.