അവസരം ലഭിച്ചിട്ടും മുതലാക്കാനാകാതെ രാഹുൽ മടങ്ങി; സിഡ്നിയിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം പോരിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി
അവസരം ലഭിച്ചിട്ടും മുതലാക്കാനാകാതെ രാഹുൽ മടങ്ങി; സിഡ്നിയിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം പോരിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപണറായി വീണ്ടും അവസരം ലഭിച്ച കെഎൽ രാഹുലാണ് പുറത്തായത്. മോശം ഫോം തുടരുന്ന രാഹുൽ സിഡ്നിയിലും പരാജയമായി മാറി. ഹാസ്‌ലെവുഡിന്റെ പന്തിൽ ഷോൺ മാർഷിന് ക്യാച്ച് നൽകിയാണ് രാഹുലിന്റെ മടക്കം. ആറ് പന്തിൽ ഒൻപത് റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 

മിച്ചൽ സ്റ്റാർക്കിന്റെ ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ആത്മവിശ്വാസത്തോടെ തുടങ്ങിയ രാഹുലിന് പക്ഷേ അധികം ആയുസുണ്ടായില്ല. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 22 റൺസെന്ന നിലയിലാണ്. അഞ്ച് റൺസുമായി ഓപണർ മായങ്ക് അ​ഗർവാളും ഏഴ് റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. 

ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് വിജയമെന്ന ലക്ഷ്യവുമായാണ് ഇന്ത്യ പോരാടുന്നത്. ഓപണർ കെഎൽ രാഹുൽ ടീമിൽ തിരിച്ചെത്തിയപ്പോൾ രോഹിത് ശർമ, ഇഷാന്ത് ശർമ എന്നിവരെ ഒഴിവാക്കി. രവീന്ദ്ര ജഡേജയ്ക്കൊപ്പം സ്പിൻ സാന്നിധ്യമായി കുൽദീപ് യാദവും ടീമിൽ ഇടം പിടിച്ചു. ഓസ്ട്രേലിയ ആരോൺ ഫിഞ്ചിനെയും മിച്ചൽ മാർഷിനേയും ഒഴിവാക്കി. പകരം പീറ്റർ ഹാൻഡ്സ്കോംപും മർനസ് ലബുഷനെയും ടീമിൽ ഇടംപിടിച്ചു. 

പരമ്പരയില്‍ 2-1ന് മുന്നിലാണ് നിലവില്‍ ഇന്ത്യ. സിഡ്‌നി ടെസ്റ്റില്‍ സമനില മാത്രം മതി ഇന്ത്യക്ക് ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര ജയം സ്വന്തമാക്കാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com