പ്രശ്‌നമുണ്ടോന്നറിയാന്‍ നിങ്ങള്‍ മിതാലിയോട് ചോദിക്കണം; മിതാലിയുമായുള്ള ബന്ധത്തെ കുറിച്ച് ഹര്‍മന്‍പ്രീത് കൗര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2019 12:09 PM  |  

Last Updated: 04th January 2019 12:09 PM  |   A+A-   |  

madhana5

ലോക ട്വന്റി20 പോരാട്ടത്തിന് പിന്നാലെ ഉടലെടുത്ത വിവാദങ്ങളില്‍ നിന്നും ടീം കരകയറിയതായി ഇന്ത്യന്‍ ട്വന്റി20 വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഞാനും മിതാലിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഞാനുമായി എന്തെങ്കിലും പ്രശ്‌നം നിലനില്‍ക്കുന്നുണ്ടോ എന്ന് അറിയണം എങ്കില്‍ നിങ്ങള്‍ മിതാലിയോട് തന്നെ ചോദിക്കണമെന്നും ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. 

ഈ സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനുള്ള പക്വത ഞങ്ങള്‍ക്കുണ്ട്. വ്യക്തികള്‍ എന്നതിനേക്കാള്‍ ടീമിലെ ഘടകങ്ങളാണ് ഞങ്ങള്‍. എനിക്ക് മിതാലിയുമായി പ്രശ്‌നമില്ലാ എന്ന എന്റെ കാര്യം പറയാന്‍ എനിക്കാവും. എന്നാല്‍ മിതാലിയുടെ നിലപാട് അറിയാന്‍ നിങ്ങള്‍ അവരോട് തന്നെ ചോദിക്കണം. ഈ പ്രശ്‌നങ്ങള്‍ക്ക് ശേഷം ഞാന്‍ മിതാലിയെ കണ്ട് സംസാരിച്ചിരുന്നു. ഞങ്ങള്‍ ആ പ്രശ്‌നങ്ങളില്‍ നിന്നുമെല്ലാം കരകയറിയെന്ന് ഹര്‍മന്‍ പറഞ്ഞു. 

ലോക ട്വന്റി20യിലെ സെമി കളിക്കാനിറങ്ങിയ ഇന്ത്യ മിതാലിയെ പ്ലേയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയിരുന്നു. തന്റെ കരിയര്‍ നശിപ്പിക്കുവാനാണ് കോച്ചായിരുന്ന രമേഷ് പവാര്‍ ശ്രമിക്കുന്നതെന്ന ആരോപണവുമായി മിതാലി രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. എന്നാല്‍ പവാറിന് പിന്തുണയുമായി ഹര്‍മന്‍പ്രീതും, സ്മൃതി മന്ദാനയും മുന്നോട്ടു വരികയായിരുന്നു. 

വിവാദങ്ങള്‍ക്ക് ശേഷം ന്യൂസിലാന്‍ഡിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്ക് ഇറങ്ങുകയാണ് ഇന്ത്യ. ഏകദിന ടീമിനെ മിതാലിയാണ് നയിക്കുന്നത്. ട്വന്റി20 ടീമിലേക്ക് മിതാലിയെ തിരികെ കൊണ്ടുവന്നിട്ടുമുണ്ട്. ഡബ്ല്യു.വി.രാമന് കീഴിലെ ഇന്ത്യന്‍ വനിതാ സംഘത്തിന്റെ ആദ്യ പരമ്പരയുമാണ് ഇത്.