വാര്‍ത്താ സമ്മേളനത്തിനിടെ ഫോണ്‍ ബെല്ലടിച്ചു, പെയ്‌നിന്റെ അല്ല, എന്നിട്ടും സംസാരിച്ചത് ഓസീസ് നായകന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2019 02:37 PM  |  

Last Updated: 04th January 2019 02:37 PM  |   A+A-   |  

timpainepresser040119_0

പ്രസ് കോണ്‍ഫറന്‍സിന് ഇടയിലെത്തിയ ഫോണ്‍ കോളിനോടുള്ള ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്‌നിന്റെ പ്രതികരണമാണ് ക്രിക്കറ്റ് പ്രേമികളെ ഇപ്പോള്‍ ചിരിപ്പിക്കുന്നത്. പരമ്പര നഷ്ടപ്പെടുമെന്ന വക്കില്‍ നില്‍ക്കുകയാണെങ്കിലും പെയ്‌നിന്റെ സെന്‍സ് ഓഫ് ഹ്യൂമറിന് ഒരു പ്രശ്‌നവുമില്ല...

സിഡ്‌നിയിലെ രണ്ടാം ദിനത്തിന് ശേഷമുള്ള പ്രസ് കോണ്‍ഫറന്‍സിന് ഇടയിലായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പെയ്ന്‍ മറുപടി പറയവെ, വാര്‍ത്താ സമ്മേളനം റെക്കോര്‍ഡ് ചെയ്യാന്‍ പെയ്‌നിന് മുന്നില്‍ വെച്ച ഒരു ഫോണില്‍ കോള്‍ വരികയായിരുന്നു. 

ഓസ്‌ട്രേലിയന്‍ നായകന്‍ കോള്‍ അറ്റന്‍ഡ് ചെയ്യുകയും, വിശദമായി തന്നെ സംസാരിക്കുകയും ചെയ്തു. ആരാണ് ഇതെന്ന് ചോദിച്ചാണ് പെയ്ന്‍ സംസാരിച്ചു തുടങ്ങിയത്. നിങ്ങള്‍ക്ക് ആരെയാണ് വേണ്ടതെന്ന് വിളിച്ച ആളോട് ചോദിച്ച പെയ്ന്‍, അദ്ദേഹം പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. അദ്ദേഹത്തോട് തിരികെ വിളിക്കാന്‍ പറയാം, മെയില്‍ ചെക്ക് ചെയ്യാന്‍ പറയാം. എന്നെല്ലാം പറഞ്ഞ് പെയ്ന്‍ വിളിച്ച വ്യക്തിയെ സമാധാനിപ്പിച്ച് കോള്‍ കട്ട് ചെയ്തു. 

സിഡ്‌നിയിലെ രണ്ടാം ദിനത്തില്‍ ആതിഥേയര്‍ക്ക് ആശ്വസിക്കാന്‍ വകയൊന്നും ഉണ്ടായിരുന്നില്ല. പൂജാരയെ പുറത്താക്കിയ ആശ്വാസത്തില്‍ നില്‍ക്കുമ്പോള്‍ വില്ലനായി പന്ത് അവതരിച്ചു. കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഓസീസിനെ ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കി കഴിഞ്ഞു. തുടരെ വിക്കറ്റുകള്‍  വീഴ്ത്തി ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുക, അല്ലെങ്കില്‍ മത്സരം സമനില ആക്കുകയോ ചെയ്താല്‍ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയില്‍ ചരിത്രം കുറിച്ച് പരമ്പര സ്വന്തമാക്കാം.