സലയുടെ സീസണ്‍ തന്നെ ഇത് അവസാനിപ്പിക്കുമായിരുന്നു; അതെങ്ങിനെയാണ് റെഡ് കാര്‍ഡ് അല്ലാതെ പോകുന്നത്? വിമര്‍ശനവുമായി ക്ലോപ്പ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2019 03:21 PM  |  

Last Updated: 04th January 2019 03:21 PM  |   A+A-   |  

salah54

പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ വിജയ കുതിപ്പിന് നിലവിലെ ചാമ്പ്യന്മാര്‍ തന്നെ തടയിട്ടു. തോറ്റുവെങ്കിലും ലിവര്‍പൂളിന്റെ ഒന്നാം സ്ഥാനത്തിന് കോട്ടമില്ല. 40ാം മിനിറ്റില്‍ അഗ്യുറ സിറ്റിയെ മുന്നിലെത്തിച്ചപ്പോള്‍ 64ാം മിനിറ്റില്‍ ഫിര്‍മിനോയിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചിരുന്നു. എന്നാല്‍ 72ാം മിനിറ്റില്‍ ലിവര്‍പൂളില്‍ നിന്നും കളി തട്ടിയെടുത്ത് ലെറോയ് സനേ എത്തുകയായിരുന്നു. 

ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തേക്കെത്തി. ഒന്നാമതുള്ള ലിവര്‍പൂളുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കി കുറയ്ക്കാനും അവര്‍ക്കായി. അതിനിടയില്‍ സലയെ പരിക്കിലേക്ക് തള്ളിവിട്ട് അദ്ദേഹത്തിന്റെ സീസണ്‍ അവസാനിപ്പിച്ചേക്കാവുന്ന നിലയില്‍ ടാക്കിള്‍ ചെയ്ത മാഞ്ചസ്റ്റര്‍ സിറ്റി നായകന്‍ കൊമ്പനിയുടെ  ടാക്കിളിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തുകയാണ് ക്ലോപ്പ്. 

ജോണ്‍ സ്‌റ്റോണ്‍സ് മധ്യനിരയില്‍ പാസ് നഷ്ടപ്പെടുത്തിയതിന് പിന്നാലെ ഓവര്‍ സ്‌ട്രെച്ച് ചെയ്ത് എത്തുകയായിരുന്നു കൊമ്പനി. ഇതിന് സിറ്റി നായകന് റെഡ് കാര്‍ഡ് കാണിക്കേണ്ടതായിരുന്നു എന്നാണ് ക്ലോപ്പ് ചൂണ്ടിക്കാണിക്കുന്നത്. എനിക്ക് കൊമ്പനിയെ ഇഷ്ടമാണ്. എന്നാല്‍ അതൊരു റെഡ് കാര്‍ഡ് അല്ലാതെ പോയത് എങ്ങിനെയാണ്? സലയുമായി കൂട്ടിയിടിച്ചു എങ്കില്‍ ഇത് സലയുടെ ഈ സീസണിലെ അവസാന മത്സരം ആകുമായിരുന്നു. 

ഞാന്‍ നോക്കിക്കണ്ടത്  എങ്ങിനെയാണോ അതുപോലെയാവില്ല റഫറി കണ്ടിരിക്കുക. രക്തം വീഴ്ത്തുവാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ക്ലോപ്പ് ചോദിക്കുന്നു. അതൊരു മികച്ച ചലഞ്ചായിരുന്നു. ഞാന്‍ സലയെ പരിക്കേല്‍പ്പിക്കുവാന്‍ മനപൂര്‍വം ശ്രമിച്ചില്ലെന്നാണ് കളിക്ക് ശേഷം കൊമ്പനി പ്രതികരിച്ചത്.