സെഞ്ചുറിയുമായി പന്ത്, റണ്‍ വേട്ടയില്‍ കോഹ് ലിയേയും പിന്നിലാക്കി;  ഇന്ത്യന്‍ സ്‌കോര്‍ 500 കടന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2019 10:29 AM  |  

Last Updated: 04th January 2019 10:35 AM  |   A+A-   |  

pante

മുപ്പതുകളിലും നാല്‍പ്പതുകളിലും ഉടക്കി വീഴുകയായിരുന്നു ഇന്ത്യയുടെ യുവതാരം റിഷഭ് പന്ത് ആദ്യ മൂന്ന് ടെസ്റ്റുകളില്‍. പരമ്പരയിലെ അവസാന ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ ആ വെല്ലുവിളിയും പന്ത് മറികടന്നു. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നേടിയ സെഞ്ചുറിക്ക് ശേഷം വിദേശ മണ്ണില്‍ വീണ്ടും സെഞ്ചുറിയിലേക്ക് കുതിച്ചിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. 

139 പന്തില്‍ നിന്നും എട്ട് ഫോറുകളുടെ അകമ്പടിയോടെയായിരുന്നു പന്തിന്റെ സെഞ്ചുറി. ഓസ്‌ട്രേലിയയില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് പന്ത്. അഡ്‌ലെയ്ഡില്‍ ഏകദിന ശൈലിയില്‍ അടിച്ചു കളിച്ച് എന്റര്‍ടെയ്ന്‍മെന്റ് നല്‍കി തുടങ്ങിയ പന്ത് പക്ഷേ, സിഡ്‌നിയിലേക്കെത്തുമ്പോള്‍ ടെസ്റ്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ ബാറ്റേന്തിയാണ് മികവ് കാണിക്കുന്നത്. സെഞ്ചുറിയോടെ, ഈ പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാരില്‍ രണ്ടാമതുമെത്തി പന്ത്. 

പൂജാരയും കോഹ് ലിയുമായിരുന്നു പന്തിന് മുന്‍പിലുണ്ടായിരുന്നത്. എന്നാല്‍ സെഞ്ചുറിയോടെ കോഹ് ലിയുടെ ഈ പരമ്പരയിലെ റണ്‍ സമ്പാദ്യമായ 282 റണ്‍സ് എന്നത് പന്ത് മറികടന്നു. പരമ്പരയിലെ തന്റെ ബാറ്റിങ് ശരാശരി പന്ത് 40 കടത്തുകയും ചെയ്തു. 521 റണ്‍സോടെ പരമ്പരയിലെ തന്നെ ടോപ് സ്‌കോററാണ് പൂജാര. പന്തിന്റേയും ജഡേജയുടേയും കൂട്ടുകെട്ടില്‍ ഇന്ത്യ രണ്ടാം ദിനത്തിന്റെ മൂന്നാം സെഷനില്‍ 500 കടന്നു. 

രണ്ടാം ദിനം അര്‍ഹിച്ച ഡബിള്‍ സെഞ്ചുറി പൂജാരയ്ക്ക് നഷ്ടമായതായിരുന്നു ആരാധകരെ നിരാശരാക്കിയത്. ഡബിള്‍ സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെ ലിയോണ്‍ പൂജാരയെ മടക്കി അയച്ചു. വിഹാരിയേയും തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയ മടക്കിയെങ്കിലും പന്തും, ജഡേജയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്കെത്തി.