622 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ; റെക്കോര്‍ഡുകള്‍ ഒന്നൊന്നായി തന്റെ പേരിലാക്കി പന്ത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2019 11:47 AM  |  

Last Updated: 04th January 2019 11:56 AM  |   A+A-   |  

panyr

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലേക്കെത്തി നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. 81 റണ്‍സ് എടുത്ത് നില്‍ക്കെ ജഡേജയെ ലിയോണ്‍ മടക്കിയതോടെ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ച് കയറുകയായിരുന്നു. പുറത്താവാതെ 159 റണ്‍സുമായി പന്ത് കരിയറിലെ തന്റെ മികച്ച വ്യക്തിഗത സ്‌കോര്‍ കണ്ടെത്തി. 

ഓസീസ് ബൗളിങ് നിരയിലെ നാല് മുന്‍ നിര ബൗളര്‍മാരും സെഞ്ചുറി നേടിയെന്ന പ്രത്യേകതയുമുണ്ട്. സ്റ്റാര്‍ക്കും ഹസല്‍വുഡും, കമിന്‍സും നൂറ് റണ്‍സിലധികം വിട്ടുകൊടുത്തപ്പോള്‍ 178 റണ്‍സ് വിട്ടുകൊടുത്ത് ലിയോണാണ് മുന്നിലെത്തിയത്. 189 ബോളില്‍ നിന്നും 15 ഫോറും ഒരു സിക്‌സും പറത്തി പന്ത് തകര്‍ത്തു കളിച്ചതോടെയാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് പോയത്. കരിയറിലെ രണ്ടാമത്തെ മാത്രം സെഞ്ചുറിയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് നേടിയത്. പക്ഷേ റെക്കോര്‍ഡുകള്‍ പലതും പന്ത് ഇതോടെ സിഡ്‌നിയില്‍ തന്റെ പേരിലാക്കി കഴിഞ്ഞു. അതും കരിയറിലെ ഒന്‍പതാമത്തെ മാത്രം ടെസ്റ്റ് കളിക്കുമ്പോള്‍.

1967ല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരുന്ന ഫറോഖ് എഞ്ചിനീര്‍ നേടിയ 89 റണ്‍സായിരുന്നു ഓസീസ് മണ്ണിലെ  ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഒരു ടെസ്റ്റ് പരമ്പരയില്‍ 20 ക്യാച്ചും, 200 റണ്‍സും പിന്നിടുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യ താരമാണ് പന്ത്. ഓസീസ് മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും, ഏഷ്യയില്‍ നിന്നുമുള്ള ആദ്യ വിക്കറ്റ് കീപ്പറുമാണ് പന്ത്. 

ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറുമാണ് പന്ത്. ഓസീസ് പരമ്പരയിലെ ഏഴ് ഇന്നിങ്‌സില്‍ നിന്നും 58.33 ബാറ്റിങ് ശരാശരിയില്‍ 350 റണ്‍സാണ് പന്ത് ഇപ്പോള്‍ വാരിയെടുത്തിരികര്കുന്നത്.